banner

ഓപ്പറേഷന്‍ സിന്ദൂര്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് പിന്നാലെ കശ്മീർ അതിർത്തിയിൽ ഇന്ത്യ-പാക് സേനകൾ തമ്മിൽ വെടിവെപ്പ്; പൂഞ്ചില്‍ പാക്ക് ഷെല്ലിങ്ങില്‍ ഒരു സ്ത്രീയും രണ്ട് കുട്ടികളുമുൾപ്പെടെ 10 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍; ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ പാക്ക് സൈനിക പോസ്റ്റുകള്‍ക്ക് വ്യാപക നാശനഷ്ടങ്ങള്‍; മൂന്ന് പാക് സൈനികരെ വധിച്ചു

ഡല്‍ഹി : ഓപ്പറേഷന്‍ സിന്ദൂര്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കിൽ കൊടുത്ത് കനത്ത മറുപടിയ്ക്ക് പിന്നാലെ കശ്മീര്‍ അതിര്‍ത്തിയിലെ ഏഴിടങ്ങളില്‍ ഇന്ത്യ-പാക് സേനകള്‍ തമ്മില്‍ കനത്ത വെടിവയ്പ്പ്. അതിര്‍ത്തി ജില്ലയായ പൂഞ്ചില്‍ പാക്ക് ഷെല്ലിങ്ങില്‍ 10 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മരിച്ചവരില്‍ ഒരു സ്ത്രീയും രണ്ട് കുട്ടികളുമുണ്ട്. ഉറിയില്‍ രണ്ട് വീടുകള്‍ക്ക് തീപിടിച്ചു. 25 ഓളം പേര്‍ക്ക് പരിക്കേറ്റു. പിന്നാലെ നിയന്ത്രണ രേഖയില്‍ ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ മൂന്ന് പാക് സൈനികരെ വധിച്ചു. പൂഞ്ചിലും രജൗറിയിലും ഇന്ത്യയുടെ തിരിച്ചടിയില്‍ പാക്ക് സൈനിക പോസ്റ്റുകള്‍ക്ക് വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടായി. പാകിസ്ഥാന്‍, പാക് അധീന കശ്മീരിലെ ഒമ്പത് ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ മിസൈല്‍ ആക്രമണത്തിന് പിന്നാലെയാണ് പാകിസ്ഥാന്‍ സൈന്യം ഷെല്ലാക്രമണം നടത്തിയത്. 

ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ പൂഞ്ച് ജില്ലയിലാണ് 10 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. ഓപ്പറേഷന്‍ സിന്ദൂര്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് പിന്നാലെ രാജ്യത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ കനത്ത ജാഗ്രത തുടരുകയാണ്. ജമ്മു കശ്മീരില്‍ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. രാജസ്ഥാനിലെ ജയ്‌സല്‍മേറിലും അമൃതസറിലും സ്‌കൂളുകളും കോളേജുകളും അടച്ചു. ഉത്തര്‍പ്രദേശില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എല്ലാ യുപി പൊലീസ് സംവിധാനങ്ങളും പ്രതിരോധ യൂണിറ്റുകളുമായി ഏകോപിപ്പിക്കാനും സുപ്രധാന സ്ഥാപനങ്ങളുടെ സുരക്ഷ ശക്തിപ്പെടുത്താനും നിര്‍ദ്ദേശം നല്‍കിയതായി യുപി ഡിജിപി അറിയിച്ചു.

വിനോദസഞ്ചാരികളായ 26 നിരപരാധികളുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തിന് പതിനഞ്ചാം ദിവസമാണ് ഇന്ത്യ തിരിച്ചടിച്ചത്. പാക്കിസ്ഥാനിലും പാക്ക് അധീന കശ്മീരിലുമായി ഒന്‍പതിടങ്ങളിലെ ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സൈന്യം പുലര്‍ച്ചെ ശക്തമായ മിസൈല്‍ അക്രമണം നടത്തി. നിരവധി ഭീകരര്‍ കൊല്ലപ്പെട്ടു. ഭീകര പരിശീലന കേന്ദ്രങ്ങള്‍ ചാരമായി. ലഷ്‌കറെ തൊയ്ബ,ജെയ്‌ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദീന്‍ എന്നീ ഭീകര സംഘടനകളുടെ താവളങ്ങളാണ് തകര്‍ന്നത്.  പുലര്‍ച്ചെ 1.44 നായിരുന്നു കര, നാവിക, വ്യോമ സേനകള്‍ സംയുക്തമായി, 'ഓപ്പറേഷന്‍ സിന്ദൂര്‍' സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയത്.

Post a Comment

0 Comments