banner

റാപ്പർ വേടന്റെ പരിപാടി റദ്ദാക്കിയതിനെ തുടർന്ന് ചെളിവാരിയെറിഞ്ഞ് സംഘർഷമുണ്ടാക്കിയ സംഭവം; യുവാവ്​ പോലീസിൻ്റെ പിടിയിൽ


തിരുവനന്തപുരം : റാപ്പർ വേടന്റെ പരിപാടി റദ്ദാക്കിയതിനെ തുടർന്ന് വെള്ളല്ലൂരിൽ സംഘർഷമുണ്ടായ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ആറ്റിങ്ങൽ ഇളമ്പ സ്വദേശിയായ അരവിന്ദാണ് അറസ്റ്റിലായത്. നഗരൂർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്‌‌തത്. വെള്ളല്ലൂരിൽ വേടന്റെ പരിപാടിയ്‌ക്കായി എൽ.ഇ.ഡി വാൾ സെറ്റ് ചെയ്യുന്നതിനിടെ ഇലക്‌ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു. തുടർന്ന് പരിപാടി അവതരിപ്പിക്കാൻ വേടൻ തയ്യാറായില്ല.ഇതോടെ പരിപാടി റദ്ദാക്കിയെന്ന് മൈക്കിലൂടെ അനൗൺസ് ചെയ്‌തു.

ഇതോടെ പരിപാടി കാണാൻ എത്തിയവർ സംഘർഷമുണ്ടാക്കി. വെള്ളല്ലൂരിലെ വയലിലായിരുന്നു പരിപാടിയുടെ സ്റ്റേജ്. സംഘാടകരെ പരിപാടി കാണാനെത്തിയവർ അസഭ്യം പറയുകയും ചെളിവാരിയെറിഞ്ഞ് പരിപാടിയ്‌ക്കായി തയ്യാറാക്കിയ വസ്‌തുക്കൾ തകർക്കുകയും ചെയ്തു. സംഘർഷം നിയന്ത്രിക്കാൻ എത്തിയ പൊലീസിനുനേരെയും മറ്റ് കാണികൾക്ക് നേരെയും പ്രകോപിതരായ ആരാധകർ ചെളി വാരിയെറിഞ്ഞു. ഇവരുടെ ആക്രമണത്തിൽ സ്റ്റേജിലും ചുറ്റിലുമായി വച്ച ഇലക്‌ട്രോണിക്‌ ഉപകരണങ്ങൾക്ക് കേടുപറ്റി.

ടെക്‌നീഷ്യൻ മരിച്ചതിൽ മനോവിഷമമുണ്ടെന്നും ഈ സാഹചര്യത്തിൽ വേദിയിൽ പാടാൻ മാനസികമായി ബുദ്ധിമുട്ടുണ്ടെന്നും സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് വേടൻ അറിയിച്ചത്. എന്നാൽ മറ്റൊരു ദിവസം ഇതേ നാടിനുമുന്നിൽ പാടാൻ വരാമെന്നും വേടൻ പറഞ്ഞു. ഇതിനിടെയാണ് സ്ഥലത്ത് സംഘർഷമുണ്ടായത്.

Post a Comment

0 Comments