banner

കൊല്ലത്ത് പെൻഷൻ തുക ചിലവാക്കിയതിന്റെ വിരോധത്തിൽ കൊല; വയോധികയെ തലയ്ക്ക് വെട്ടി കൊലപ്പെടുത്തിയത് ഭർത്താവ്; അറസ്റ്റ്


കൊല്ലം : കൊട്ടാരക്കരയിൽ പെൻഷൻ പണം ചിലവാക്കിയതിന്റെ വിരോധത്തിൽ വയോധികയെ തലയ്ക്ക് വെട്ടി കൊലപ്പെടുത്തി. കൊട്ടാരക്കര ചിരട്ടക്കോണം സ്വദേശിനി ഓമനയമ്മ(74)ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവായ കുട്ടപ്പനെ(78) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു.

പുലർച്ചെ ആറുമണിയോടെയായിരുന്നു സംഭവം. ഓമനയമ്മയും കുട്ടപ്പനും കിടന്നിരുന്ന മുറിയുടെ വാതിൽ തുറക്കാത്തതിനെ തുടർന്ന് മകളും മരുമകനും വാതിൽ ഏറെ നേരം തട്ടി വിളിച്ചിരുന്നു. ഒടുവിൽ വാതിൽ തുറന്നപ്പോഴാണ് രക്തത്തിൽ കുളിച്ച് നിലത്ത് കിടക്കുന്ന ഓമനയമ്മയുടെ മൃതശരീരം കണ്ടത്. ഉടൻതന്നെ കൊട്ടാരക്കര പൊലീസിൽ വിവര മറിയിച്ചതോടെ കുട്ടപ്പനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

ഓമനയമ്മയുടെ കഴുത്തിന് പിൻഭാഗത്തും, തലയിലും ആഴത്തിൽ വെട്ടേറ്റ മുറിപ്പാട് ഉണ്ട്. കൃത്യത്തിന് ഉപയോഗിച്ചത് എന്ന് സംശയിക്കുന്ന വെട്ടുകത്തിയും മുറിക്കുള്ളിൽ നിന്നും കണ്ടെത്തി. പൊലീസിന്റെ ചോദ്യം ചെയ്യലിൽ കുട്ടപ്പൻ കുറ്റസമ്മതം നടത്തി.


കാശുവണ്ടി തൊഴിലാളിയായിരുന്ന ഓമനയമ്മ അടുത്തിടെയാണ് വിരമിച്ചത്. തുടർന്ന് കിട്ടിയ പണം പലിശയ്ക്ക് കൊടുത്തതതിലുള്ള തർക്കമായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കുട്ടപ്പൻ പൊലീസിന് നൽകിയ മൊഴി. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധനകൾ നടത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌‌മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

Post a Comment

0 Comments