banner

അഞ്ചാലുംമൂട്ടിലെ തട്ടിപ്പ് സ്വകാര്യ സ്കൂളുകളിൽ കുട്ടികളെ ചേർത്ത് വഞ്ചിതരാകല്ലെ!; മാതാപിതാക്കൾ ശ്രദ്ധിച്ചില്ലെങ്കിൽ തകരുന്നത് കുട്ടികളുടെ ഭാവി; മൗനം തുടർന്ന് വിദ്യാഭ്യാസ വകുപ്പ്


അഞ്ചാലുംമൂട് : അഞ്ചാലുംമൂട്ടിൽ ആർ.ടി.ഇ ആക്ടും - കെ.ഇ.ആർ നിയമവും അതിൻ്റെ ചട്ടങ്ങളും ലംഘിച്ച്  സി.ബി.എസ്ഇ. അഫിലിയേഷൻ ഉണ്ടെന്ന വ്യാജേന പ്രവർത്തിക്കുന്ന തട്ടിപ്പ് സ്വകാര്യ സ്കൂളുകൾ മാതാപിതാക്കളെയും വിദ്യാർത്ഥികളെയും വഞ്ചിക്കുന്നു. ഡോണേഷൻ ഇല്ലാതെ, മാസം 500 മുതൽ 1,500 വരെ മാത്രം ഫീസ് ഈടാക്കി മാതാപിതാക്കളെ ആകർഷിക്കുന്ന ഈ സ്കൂളുകളുടെ പ്രവർത്തനം അടിസ്ഥാനമായി വേണ്ട ഡി.ഇ.ജിയുടെ പോലും അംഗീകാരമില്ലാതെയാണ്. ഇപ്പോൾ 7-ാം ക്ലാസ് മുതൽ പുതിയ ചട്ടപ്രകാരം സാധുവായ പാസിംഗ് സർട്ടിഫിക്കറ്റ് ആവശ്യമുള്ളതിനാൽ, ഈ സ്കൂളുകൾ കുട്ടികളെ അംഗീകൃത സ്കൂളുകളിൽ കൊണ്ടുപോയി പരീക്ഷ എഴുതിപ്പിച്ച് സർട്ടിഫിക്കറ്റ് നേടുന്ന തട്ടിപ്പും വ്യാപകമാകുകയാണ്. വിദ്യാഭ്യാസ വകുപ്പിന്റെ മൗനവും നിഷ്ക്രിയത്വവും ഈ വഞ്ചനയ്ക്ക് കൂട്ടുനിൽക്കുന്നതായാണ് ആക്ഷേപം. ഞങ്ങളുടെ അന്വേഷണത്തിൽ തൃക്കരുവയിലും പനയത്തും ഉൾപ്പെടെ ഇത്തരം സ്കൂളുകൾ പ്രവർത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.  

സി.ബി.എസ്.ഇ സിലബസ് പഠിപ്പിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഇത്തരം സ്വകാര്യ സ്കൂളുകൾ ബോർഡിൻ്റെ അഫിലിയേഷൻ പോലും ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. "6-ാം ക്ലാസ് വരെയുള്ള പഠനത്തിന് ശേഷം മുന്നോട്ടുള്ള പഠനത്തിന് ടി.സിയോ മറ്റോ ബാധകമാവുകയില്ലെങ്കിലും, 7-ാം ക്ലാസ് മുതൽ പുതിയ നിയമപ്രകാരം സാധുവായ പാസിംഗ് സർട്ടിഫിക്കറ്റ് വേണം. ഇതിനായി, ഈ സ്കൂളുകൾ കുട്ടികളെ അംഗീകൃത സ്കൂളുകളിൽ പരീക്ഷ എഴുതിപ്പിച്ച് സർട്ടിഫിക്കറ്റ് നേടുന്നു. ഇത് വൻ തട്ടിപ്പാണ്," ഒരു വിദ്യാഭ്യാസ പ്രവർത്തകൻ അഷ്ടമുടി ലൈവിനോട് പറഞ്ഞു. "ഡോണേഷൻ ഇല്ല, മാസം 500 മുതൽ 1,500 വരെ മാത്രം ഫീസ് എന്നത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ മാതാപിതാക്കളെ ആകർഷിക്കുന്നു. കുട്ടികൾ മികച്ച സ്കൂളിൽ പഠിക്കണമെന്ന മാതാപിതാക്കളുടെ ആഗ്രഹം ഇത്തരം പല പരസ്യങ്ങളുടെയും വലയിൽ വീഴാൻ ഇടയാക്കുന്നു. പക്ഷേ, സി.ബി.എസ്.ഇ മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്ന ഈ സ്കൂളുകളിൽനിന്നുള്ള വിദ്യാഭ്യാസം കുട്ടികളുടെ ഭാവിയെ അപകടത്തിലാക്കും," അദ്ദേഹം കൂട്ടിച്ചേർത്തു. 

ഈ സ്ഥാപനങ്ങൾ പരസ്യമായ വഞ്ചനയും വ്യാജ രേഖയും ചമച്ച് ക്രിമിനൽ സ്വഭാവമാണ് പിന്തുടരുന്നത്. ഇത് ഗുരുതര കുറ്റകൃത്യങ്ങളാണ്. പിടികൂടിയാൽ കെ.ഇ.ആർ നിയമപ്രകാരം ഇവർക്ക് ഒരു ലക്ഷം രൂപ വരെ പിഴയും കോടതി നടപടികളും നേരിടേണ്ടി വരും. എന്നിട്ടും അംഗീകാരമില്ലാതെ സ്കൂളുകൾ പ്രവർത്തിപ്പിക്കുന്നത് ഇവരുടെ പിന്നിൽ അധോലോക മാഫിയകളുടെ സ്വാധീമുള്ളതുകൊണ്ടാണോയെന്നത് സംശയിക്കപ്പെടേണ്ടിയിക്കുന്നു. നിയമം അനുസരിച്ച് സ്കൂളുകൾ സർക്കാർ, എയ്ഡഡ്, അല്ലെങ്കിൽ അംഗീകൃത സ്വകാര്യ സ്ഥാപനങ്ങളായിരിക്കണം. സ്കൂൾ തുടങ്ങുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള നിബന്ധനകൾ നിയമത്തിലും ചട്ടത്തിലും രേഖപ്പെടുത്തിട്ടുണ്ട്. നിയമം അത്തരത്തിൽ കർശനമായി ഓരോ കാര്യവും നിഷ്കർഷിച്ചിട്ടും നടപ്പിലാവാതെ പോകുന്നതാണ് അപലപനീയം. ഉണ്ണി കൃഷ്ണൻ, ജെ.പി. വേഴ്സസ്. സ്റ്റേറ്റ് ഓഫ് ആന്ധ്രാപ്രദേശ് എന്ന കേസിലെലെ വിധി വിദ്യാഭ്യാസം മൗലികാവകാശമാണെന്നും, മോഡേൺ സ്കൂൾ വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ എന്ന കേസിൻ്റെ വിധിയിലൂടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വാണിജ്യവൽക്കരണത്തിന് വിധേയമാകരുതെന്നും നീതിപീഢം ഇത് വ്യവസ്ഥ ചെയ്തിട്ടുണ്ട്.  എന്നിട്ടും, അഞ്ചാലുംമൂട്ടിൽ സി.ബി.എസ്.ഇ അംഗീകാരമുണ്ടെന്നും കുറഞ്ഞ ഫീസാണെന്നുമുള്ള വ്യാജ പരസ്യം ഉപയോഗിച്ച് മാതാപിതാക്കളെ വഞ്ചിക്കുന്ന സ്കൂളുകൾ തഴച്ചുവളരുന്നു.

Post a Comment

0 Comments