ഓറഞ്ച് അലർട്ട്: സാമ്പ്രാണിക്കോടിയിൽ ബോട്ടിംഗ് റദ്ദാക്കി, പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം
അഞ്ചാലുംമൂട് : ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് മെയ് 26 വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. മുൻകരുതൽ നടപടികളുടെ ഭാഗമായി മെയ് 25, 26 തീയതികളിൽ സാമ്പ്രാണിക്കോടി വിനോദസഞ്ചാര കേന്ദ്രത്തിലെ ബോട്ടിംഗ് സർവീസ് റദ്ദാക്കിയതായി ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു.ജില്ലാ കലക്ടർ എൻ. ദേവിദാസ് പൊതുജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദേശം നൽകി. പ്രളയ, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളിലുള്ളവർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് അദ്ദേഹം നിർദേശിച്ചു. രാത്രി 7 മുതൽ രാവിലെ 7 വരെ മലയോര മേഖലകളിലേക്കുള്ള യാത്രകൾ പരിമിതപ്പെടുത്തണം. ബീച്ചുകളിലും പുഴകളിലും വെള്ളക്കെട്ടുകളിലും ഇറങ്ങുന്നത് ഒഴിവാക്കണം. ശക്തമായ നീരൊഴുക്കുള്ള ചാലുകൾ മുറിച്ചുകടക്കുന്നതും അപകടകരമാണ്.ഇടിമിന്നൽ സമയത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കണം. മരങ്ങൾക്ക് താഴെ വാഹനങ്ങൾ പാർക്ക് ചെയ്യരുത്. ജലാശയങ്ങളിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ വിലപ്പെട്ട രേഖകളും വസ്തുക്കളും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റണം. കുട്ടികൾ വെള്ളക്കെട്ടുകളിലോ തോടുകളിലോ കളിക്കുന്നില്ലെന്ന് മാതാപിതാക്കൾ ഉറപ്പാക്കണം.അടിയന്തര സഹായത്തിന് 1077 എന്ന ടോൾഫ്രീ നമ്പറിൽ ബന്ധപ്പെടണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.
0 Comments