banner

പി.എസ്.യു ദേശീയ സമ്മേളനം: പുതിയ വിദ്യാഭ്യാസ നയം ഇന്ത്യൻ വൈജ്ഞാനിക രംഗത്തെ തകർക്കുമെന്ന് ആർ.എസ്.പി നേതാക്കളുടെ വിമർശനം


കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പുതിയ വിദ്യാഭ്യാസ നയവും സിലബസ് പരിഷ്‌കരണമുമാണ് ഇന്ത്യൻ ശാസ്ത്രബോധത്തെയും ബൗദ്ധിക സമ്പത്തിനെയും തകർക്കുന്നതെന്ന് ആർ.എസ്.പി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗങ്ങളായ ബാബു ദിവാകരനും എൻ.കെ. പ്രേമചന്ദ്രൻ എം.പിയും പറഞ്ഞു.

പ്രോഗ്രസ്സീവ് സ്റ്റുഡൻ്റ്‌സ് യൂണിയൻ (പി.എസ്.യു) ദേശീയ സമ്മേളനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാറിൽ സംസാരിക്കുകയായിരുന്നു ബാബു ദിവാകരൻ. ഇന്ത്യൻ ചരിത്രത്തെയും ശാസ്ത്രബോധത്തെയും രാഷ്ട്രീയ ലാഭത്തിനായി തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്നും, നിർമ്മിത ബുദ്ധിയുടെ (AI) കാലഘട്ടത്തിൽ ഇത്തരം കാവിവത്കരണ ശ്രമങ്ങൾ വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.


പി.എസ്.യു ദേശീയ വൈസ് പ്രസിഡന്റ് ദേബ് ജ്യോതി ദാസ് അധ്യക്ഷനായ സെമിനാറിൽ, വിദ്യാഭ്യാസ വിദഗ്ധൻ ഡോ. അച്യുത് എസ്. ശങ്കർ, കെ.എസ്.എം കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. കെ. അനീഷ് എന്നിവർ വിഷയവിവരണം നടത്തി. പി.എസ്.യു സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് അമീൻ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി അനന്തകൃഷ്ണൻ നന്ദി പറഞ്ഞു.

സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിച്ച എൻ.കെ. പ്രേമചന്ദ്രൻ എം.പി, പുതിയ വിദ്യാഭ്യാസ നയം ശാസ്ത്രീയവും മതനിരപേക്ഷവുമായ അടിസ്ഥാനങ്ങൾ തകർക്കുകയാണെന്നും, ഇതിലൂടെ വർഗീയതയും വരേണ്യവൽക്കരണവും പ്രോത്സാഹിപ്പിക്കപ്പെടുകയാണെന്നും പറഞ്ഞു. കേരളത്തിലെ പിണറായി സർക്കാർ പോലും ഈ കേന്ദ്രനയത്തിന് കീഴടങ്ങി സ്വകാര്യ സർവ്വകലാശാലകളുടെ പേരിൽ സംവരണ വ്യവസ്ഥയെ പോലും അട്ടിമറിക്കുകയാണെന്നും അതിലൂടെ സാധാരണ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം അപ്രാപ്യമാകുന്ന സാഹചര്യമുണ്ടാകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമാപന സമ്മേളനത്തിൽ പി.എസ്.യു ദേശീയ പ്രസിഡൻറ് മുഹമ്മദ് സെയ്ഫുള്ള അധ്യക്ഷനായി. ജനറൽ സെക്രട്ടറി ബലറാം സജീവ് നന്ദി പറഞ്ഞു.
സമ്മേളനത്തിൽ മുഹമ്മദ് സെയ്ഫുള്ള (പശ്ചിമ ബംഗാൾ) പ്രസിഡന്റായി, ബലറാം സജീവ് (കേരളം) ജനറൽ സെക്രട്ടറിയായി, 21 അംഗ ദേശീയ കമ്മിറ്റി ഐകകണ്ഠേന തിരഞ്ഞെടുക്കപ്പെട്ടു.

Post a Comment

0 Comments