പെൻസിൽവേനിയ : യുഎസിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. മാനവ് പട്ടേൽ (20), സൗരവ് പ്രഭാകർ (23) എന്നിവരാണ് മരിച്ചത്. ക്ലീവ്‌ലാൻഡ് സർവകലാശാലയിലെ വിദ്യാർത്ഥികളാണ് ഇവർ. അമേരിക്കയിലെ പെൻസിൽവേനിയയിലെ ലങ്കാസ്റ്റർ നഗരത്തിൽ ഈ മാസം 10നാണ് അപകടം നടന്നത്. കാറിലുണ്ടായിരുന്ന മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
രാവിലെ ഏഴുമണിയോടെ ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. സൗരവ് പ്രഭാകറാണ് വാഹനം ഓടിച്ചിരുന്നത്. അപകടത്തിൽ കാറിന്റെ മുൻ സീറ്റിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾ നിലവിൽ ചികിത്സയിൽ തുടരുകയാണ്. ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ സംഭവത്തെ തുടർന്ന് മരിച്ചവരുടെ കുടുംബാംഗങ്ങളെ ബന്ധപ്പെടുകയും അവർക്ക് ആവശ്യമായ എല്ലാ സഹായവും നൽകുമെന്നും അറിയിച്ചിട്ടുണ്ട്.
0 Comments