banner

റോഡരികിൽ കാർ നിർത്തിയപ്പോൾ രണ്ടുവയസ്സുകാരൻ പുറത്തിറങ്ങിയത് അമ്മപോലും അറിയാതെ...!, റോഡരികിലൂടെ ഒറ്റയ്ക്ക് നടന്ന കുട്ടിക്ക് രക്ഷകനായി കാൽനട യാത്രക്കാരൻ; സംഭവം കേരളത്തിൽ

കാഞ്ഞങ്ങാട് : വെള്ളം വാങ്ങാനായി റോഡരികിൽ കാർ നിർത്തിയപ്പോൾ രണ്ടുവയസ്സുകാരനും ഒപ്പം ഇറങ്ങിയത് കാറിലുള്ളവർ ശ്രദ്ധിച്ചില്ല. കുട്ടി പുറത്താണെന്ന് അറിയാതെ കുടുംബം യാത്ര തുടർന്നു.

ഇതിനു പിന്നാലെ ബന്ധുക്കളെ കാണാതെ കുട്ടി റോഡരികിലൂടെ ഒറ്റയ്ക്ക് നടന്നു. ഞായറാഴ്ച അഞ്ചരയോടെ ബസ് സ്റ്റാൻഡിനുസമീപത്താണ് കാർ നിർത്തിയിരുന്നത്.

കുട്ടി ഒറ്റയ്ക്ക് മീറ്ററുകളോളം നടന്നപ്പോൾ എതിരേവന്ന വഴിയാത്രക്കാരൻ ഇത് ശ്രദ്ധിച്ചു. കാർപോയ ഭാഗത്തേക്ക് കൈചൂണ്ടുന്നതല്ലാതെ കുട്ടി ഒന്നും പറഞ്ഞില്ല.

ഇയാൾ കുട്ടിയെ എടുത്ത് പോലീസ് എയ്ഡ് പോസ്റ്റിലെത്തിക്കുകയായിരുന്നു. പോലീസുകാർ വെള്ളം കൊടുത്തു. ആളുകൾ കൂടിയതോടെ കുട്ടി കരയാൻ തുടങ്ങി.

യാത്ര തുടർന്ന് പത്തുമിനിറ്റ് കഴിഞ്ഞപ്പോഴാണ് കുണിയ സ്വദേശികളായ കുടുംബം കുട്ടി ഒപ്പമില്ലാത്തതറിഞ്ഞ് തിരിച്ചു വന്നത്. വെള്ളം വാങ്ങാനായി ഒരാൾ പുറത്തിറങ്ങിയപ്പോൾ രണ്ടോ മൂന്നോ കുട്ടികളും ഒപ്പം ഇറങ്ങിയിരുന്നു.

എല്ലാവരും കയറിയിട്ടുണ്ടാകുമെന്നു കരുതിയാണ് യാത്ര തുടർന്നതെന്ന് കുട്ടിയുടെ അമ്മാവൻ പറഞ്ഞു. കരഞ്ഞുകൊണ്ട് ഓടിവന്ന അമ്മയെയും ബന്ധുക്കളെയും കണ്ടതോടെ കുട്ടിയുടെ കരച്ചിലും മാറി.

Post a Comment

0 Comments