തൃശൂർ : പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. വടമ പാമ്പുമേക്കാട് കുന്നത്തുനാട് സ്വദേശി അഴീക്കോട്ടുകാരൻ വീട്ടിൽ രാഹുൽ (22) ആണ് പിടിയിലായത്.
കഴിഞ്ഞ ദിവസം പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ, വീടിന് സമീപമുള്ള പണിതീരാത്ത വീട്ടിൽ അവൾ അബോധാവസ്ഥയിൽ കിടക്കുന്നതായി കണ്ടെത്തി. തുടർന്ന് ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിച്ച് മൊഴി രേഖപ്പെടുത്തിയപ്പോഴാണ് പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി വെളിപ്പെടുത്തിയത്.
പിന്നാലെ, പ്രതിയായ രാഹുലിനെ വടമയിൽ നിന്ന് പിടികൂടി സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
പ്രതിക്കെതിരെ മാള പൊലീസ് സ്റ്റേഷനിൽ രണ്ട് പോക്സോ കേസുകൾ, മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട ഒരു കേസ്, മദ്യപിച്ച് മനുഷ്യജീവന് അപകടമുണ്ടാക്കുന്ന രീതിയിൽ വാഹനമോടിച്ചതിന് ഒരു കേസ്, കൂടാതെ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ അമിത വേഗതയിൽ വാഹനമോടിച്ച് മറ്റൊരാൾക്ക് ഗുരുതര പരിക്കേൽപ്പിച്ച കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇൻസ്പെക്ടർ അരുൺ.ബി.കെ, എസ്.ഐ.മാരായ സജിൽ, ബാബു, എ.എസ്.ഐ. സ്വപ്ന, സി.പി.ഒ.മാരായ ഗോപേഷ്, ഷമീർ, ജാക്സൺ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
0 Comments