കോട്ടയം : കോട്ടയത്ത് ഭാരതാംബയുടെ ചിത്രം ഉൾപ്പെടുത്തി സിപിഐയുടെ പോസ്റ്റർ. വിവാദമാകുമെന്ന് കണ്ടതോടെ നേതൃത്വം ഇടപെട്ട് പോസ്റ്റർ പിൻവലിച്ചു.
സിപിഐ കോട്ടയം മണ്ഡലം സമ്മേളനത്തിന്റെ പ്രചരണാർത്ഥം സ്ഥാപിച്ച പോസ്റ്ററിലാണ് ദേശീയ പതാകയേന്തിയ ഭാരതാംബയുടെ ചിത്രവും ഇടംപിടിച്ചത്.
സോഷ്യൽമീഡിയയിൽ പോസ്റ്റർ പ്രചരിച്ചതിന് പിന്നാലെ ജില്ലാ നേതൃത്വം ഇടപെട്ട് പോസ്റ്റർ പിൻവലിക്കുകയായിരുന്നു.
ഈ മാസം 13,14,15 തീയതികളിൽ കോട്ടയത്തിനു സമീപം പാക്കിലിലാണ് സിപിഐ കോട്ടയം മണ്ഡലം സമ്മേളനം സമ്മേളനം നടക്കുന്നത്.
മണ്ഡലം സമ്മേളനത്തിന്റെ പ്രചാരണാർഥമാണു സമൂഹമാധ്യമങ്ങളിൽ പോസ്റ്റർ പുറത്തിറക്കിയത്. ദേശീയപതാകയിലെ നിറങ്ങൾ ആലേഖനം ചെയ്ത സാരിയാണു ഭാരതാംബയുടെ ചിത്രത്തിലുള്ളത്.
പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ വിവാദമാകുമെന്ന് മനസ്സിലാക്കിയ പാർട്ടി ജില്ലാ നേതൃത്വം ഇടപെടുകയായിരുന്നു.
പാർട്ടി ചിഹ്നങ്ങളോടോ പരിപാടികളോടോ ദേശീയപതാക കൂട്ടിച്ചേർക്കുന്നതു ശരിയല്ലെന്ന് സിപിഐ ജില്ലാ സെക്രട്ടറി വി ബി ബിനു പറഞ്ഞു.
പോസ്റ്ററിനെപ്പറ്റി വിവരം കിട്ടിയ ഉടൻ സമൂഹമാധ്യമങ്ങളിൽ നിന്നുൾപ്പെടെ അതു പിൻവലിക്കാൻ നിർദേശം നൽകിയെന്നും വിബി ബിനു പറഞ്ഞു.
രാജ്ഭവനിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വിവാദമായിരിക്കെയാണ് സിപിഐ പോസ്റ്ററിലും ഭാരതാംബ ഇടംപിടിച്ചത്.
കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തണമെന്നാവശ്യപ്പെട്ടതു കൊണ്ടു മാത്രമാണ് രാജ്ഭവനിൽ നടന്ന പരിസ്ഥിതിദിനാചരണ പരിപാടി മന്ത്രി പി.പ്രസാദ് ബഹിഷ്കരിച്ചത്.
0 Comments