തൃക്കരുവ : ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാർഡിലെ അഷ്ടമുടി വിളപ്പുറത്ത് 67-ാം നമ്പർ അംഗനവാടിക്ക് സമീപമുള്ള പൊതുകിണർ കാടുകയറി നശിക്കുന്നതായി നാട്ടുകാർ. നിരവധി ജനങ്ങൾ ആശ്രയിക്കുന്ന ഈ കിണറിന് വേണ്ടത്ര സംരക്ഷണം ലഭിക്കാത്തതിനാൽ ശോചനീയാവസ്ഥയിലാണ്.
തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പദ്ധതിയിൽ കിണറിന് ചുറ്റും ഭാഗികമായി വൃത്തിയാക്കിയിരുന്നെങ്കിലും, അകംഭാഗം വൃത്തിയാക്കിയിരുന്നില്ല. ഇതോടെ, കിണറിനുള്ളിൽ വള്ളിപ്പടർപ്പുകളും കാടും നിറഞ്ഞിരിക്കുകയാണ്.
നാട്ടുകാരും അംഗനവാടി അധ്യാപികയും ഇതുസംബന്ധിച്ച് പരാതി നൽകിയെങ്കിലും അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല. അംഗനവാടിയിലെ കുട്ടികൾ ഉൾപ്പെടെ ഉപയോഗിക്കുന്ന കിണറിന്റെ ദയനീയാവസ്ഥ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു. കിണർ അടിയന്തരമായി വൃത്തിയാക്കി ശോചനീയാവസ്ഥ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
0 Comments