കൊല്ലം : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയും കെ.പി.സി.സി മുന്‍ പ്രസിഡന്റുമായ സി.വി പദ്മരാജന്‍ (93) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന കൊല്ലത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കെ.കരുണാകരന്റെയും എ.കെ ആന്റണിയുടെയും മന്ത്രിസഭകളില്‍ അംഗമായിരുന്നു. ധനകാര്യം, വൈദ്യുതി അടക്കം സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തു. മന്ത്രിസ്ഥാനം രാജിവച്ചാണ് കെ.പി.സി.സി അധ്യക്ഷനായത്. കെ. കരുണാകരന്‍ വിദേശത്ത് ചികിത്സയ്ക്ക് പോയപ്പോള്‍ മുഖ്യമന്ത്രിയുടെ ചുമതലയും വഹിച്ചു. സി.വി പദ്മരാജന്‍ പാര്‍ട്ടി അധ്യക്ഷനായിരുന്നപ്പോഴാണ് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന് സ്ഥലംവാങ്ങിയത്.
കൊല്ലം ജില്ലയിലെ പരവൂരില്‍ കെ.വേലു വൈദ്യന്റെയും തങ്കമ്മയുടെയും മകനായി 1931 ജൂലൈ 22 ന് ജനിച്ചു. അഖില തിരുവിതാംകൂര്‍ വിദ്യാര്‍ത്ഥി കോണ്‍ഗ്രസ്സിലൂടെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് പൊതുപ്രവര്‍ത്തന രംഗത്തേക്ക് വന്നു.
ചാത്തന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായി രാഷ്ട്രീയ പ്രവര്‍ത്തന രംഗത്തേക്ക് വന്ന പദ്മരാജന്‍ കൊല്ലം ഡിസിസിയുടെ വൈസ് പ്രസിഡന്റും പ്രസിഡന്റുമായി പ്രവര്‍ത്തിച്ചു. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന പദ്മരാജന്‍ വഹിക്കാത്ത പദവികള്‍ ചുരുക്കമായിരുന്നു. അധ്യാപകനായും അഭിഭാഷകനായും പ്രവര്‍ത്തിക്കുമ്പോള്‍ സജീവ രാഷ്ട്രീയം നിലനിര്‍ത്തിയിരുന്നു. 1982-ല്‍ നിയമസഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍തന്നെ കരുണാകരന്‍ മന്ത്രിസഭയില്‍ അംഗമായി. സാമൂഹികവികസനം, ഫിഷറീസ് വകുപ്പുകളുടെ ചുമതല വഹിച്ചു. 1983-ല്‍ മന്ത്രിപദം രാജിവെച്ച് കെ.പി.സി.സി. പ്രസിഡന്റായി. കുറച്ചുനാള്‍ മുഖ്യമന്ത്രിയുടെ ചുമതലകൂടി ലഭിച്ചു. 1991-ല്‍ വൈദ്യുതി, കയര്‍ വകുപ്പുകളുടെയും പിന്നീട് ധനകാര്യവകുപ്പിന്റെയും ചുമതലയുള്ള മന്ത്രിയായി. 1994-ലെ എ.കെ.ആന്റണി മന്ത്രിസഭയില്‍ ധനം, കയര്‍, ദേവസ്വം വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി.
സഹകാരിയെന്നനിലയിലും അദ്ദേഹത്തിന്റെ കര്‍മമണ്ഡലം വിപുലമായിരുന്നു. 1968 മുതല്‍ കൊല്ലം സഹകരണ അര്‍ബന്‍ ബാങ്ക് പ്രസിഡന്റാണ്. പരവൂര്‍ എസ്.എന്‍.വി.സമാജം ട്രഷറര്‍, എസ്.എന്‍.വി. സ്‌കൂള്‍ മാനേജര്‍, എസ്.എന്‍.വി. ബാങ്ക് ട്രഷറര്‍, കൊല്ലം ക്ഷീരോത്പാദക സഹകരണസംഘം ഡയറക്ടര്‍, ജില്ലാ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, സഹകരണ സ്പിന്നിങ് മില്‍ സ്ഥാപക ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് അംഗം എന്നീനിലകളിലൊക്കെ പ്രവര്‍ത്തിച്ചു. ആര്‍.ശങ്കര്‍ ശതാബ്ദി ആഘോഷ കമ്മിറ്റി ചെയര്‍മാന്‍, അഖിലകേരള ഉപനിഷദ് വിദ്യാഭവന്‍ പ്രസിഡന്റ്, എന്നീനിലകളിലും പ്രവര്‍ത്തിച്ചിരുന്നു
0 Comments