banner

നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചു; കാന്തപുരം ഉസ്താദിൻ്റെ ഇടപെടൽ നിർണ്ണായകമായി, സ്ഥിരീകരിച്ച് ആക്ഷൻ കൗൺസിൽ


കോഴിക്കോട് : നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചു. ആക്ഷൻ കൗൺസിൽ ഇക്കാര്യം സ്ഥിരീകരിച്ചു. വധശിക്ഷ ഒഴിവാക്കാൻ കാന്തപുരം അബൂബക്കർ മുസല്യാരുടെ ഇടപെടലിനെ തുടർന്ന് യെമനിൽ ഇന്നു യോഗം ചേർന്നിരുന്നു. ഇതിനു പിന്നാലെയാണ് പ്രതീക്ഷയുണർത്തുന്ന സൂചനകൾ പുറത്തുവരുന്നത്. കൊല്ലപ്പെട്ട യെമൻ പൗരൻ തലാലിന്റെ കുടുംബവുമായി മധ്യസ്ഥ ചർച്ചകളാണ് ഇന്നു നടന്നത്. ഇതിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. നാളെ വധശിക്ഷ നടപ്പിലാക്കുമെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്.

കൊല്ലപ്പെട്ട തലാലിന്റെ അടുത്ത ബന്ധുവും, ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും, സർക്കാർ പ്രതിനിധികളും ഇന്നത്തെ ചർച്ചയിൽ പങ്കെടുത്തിരുന്നു. യെമനിലെ സൂഫി പണ്ഡിതൻ ഷെയ്ഖ് ഹബീബ് ഉമറിന്റെ ഇടപെടലുകളാണ് നിർണായകമായത്. കാന്തപുരവുമായി അടുത്ത സൗഹൃദമുള്ളയാളാണ് ഷെയ്ഖ് ഹബീബ്. മർക്കസ് നോളജ് സിറ്റിയുടെ ഉദ്ഘാടനത്തിന് അദ്ദേഹം കേരളത്തിൽ വന്നിരുന്നു. തലാലിന്റെ കുടുംബത്തെ അനുനയിപ്പിക്കുന്നതോടൊപ്പം അറ്റോണി ജനറലുമായി കൂടിക്കാഴ്ച നടത്തി നാളെ നടത്താൻ നിശ്ചയിച്ച ശിക്ഷാ നടപടി ഒഴിവാക്കി കിട്ടുന്നതിനുള്ള അടിയന്തര ഇടപെടലുകളാണ് ഉണ്ടായത്. 

കാന്തപുരത്തിന്റെ ഇടപെടലോടെയാണ് കുടുംബവുമായുള്ള ആശയവിനിമയം സാധ്യമായത്. ഷെയ്ഖ് ഹബീബ് ഉമറിന്റെ നിർദേശമാണ് കുടുംബത്തെ പുനരാലോചനയിലേക്ക് എത്തിച്ചത്. അദ്ദേഹത്തിന്റെ നിർദേശത്തെ അംഗീകരിച്ചാണ് കുടുംബം ചർച്ചയിൽ പങ്കെടുത്തത്. ദയാധനം നൽകി വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമമാണു നടക്കുന്നത്.

Post a Comment

0 Comments