കൊല്ലം : കൊറ്റംകര കേരളപുരം സ്വദേശിനി വിപഞ്ചിക മണിയൻ (33) ഉം മകൾ ഒന്നര വയസ്സുകാരി വൈഭവി നിധീഷും ഷാർജയിൽ മരിച്ച സംഭവത്തിൽ വൈഭവിയുടെ സംസ്കാരം ഇന്ത്യൻ കോൺസുലേറ്റിന്റെ ഇടപെടലിനെ തുടർന്ന് മാറ്റിവെച്ചു. ചൊവ്വാഴ്ച വൈകീട്ട് ഷാർജയിൽ നടത്താനിരുന്ന സംസ്കാരചടങ്ങ് വിപഞ്ചികയുടെ അമ്മ ഷൈലജയുടെ എതിർപ്പിനെ തുടർന്നാണ് നാട്ടിൽ നടത്തണമെന്ന് നിർദ്ദേശിച്ചുകൊണ്ട് അധികൃതർ തടഞ്ഞത്. വിപഞ്ചികയുടെ ഭർത്താവ് നിധീഷ് വലിയവീട്ടിലും കുടുംബവും കുഞ്ഞിന്റെ മൃതദേഹം ഷാർജയിൽ സംസ്കരിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും, ഷൈലജയുടെ അഭ്യർഥന പ്രകാരം ഇന്ത്യൻ കോൺസുലേറ്റ് ഇടപെടുകയായിരുന്നു. നിധീഷിനെ കോൺസുലേറ്റിലേക്ക് വിളിപ്പിച്ച് നടത്തിയ ചർച്ചയിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ തീരുമാനമായി. മൃതദേഹം വിദേശത്ത് സംസ്കരിക്കാൻ അനുവദിക്കരുതെന്നും ജനിച്ച മണ്ണിൽ സംസ്കരിക്കണമെന്നുമായിരുന്നു ഷൈലജയുടെ നിലപാട്.
ജൂലായ് 8-നാണ് അൽ നഹ്ദയിലെ താമസസ്ഥലത്ത് വിപഞ്ചികയെയും വൈഭവിയെയും മരിച്ചനിലയിൽ കണ്ടെത്തിയത്. വിപഞ്ചിക കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. ദുബായിൽ ഒരു സ്വകാര്യസ്ഥാപനത്തിൽ ഫയലിങ് ക്ലർക്കായി ജോലി ചെയ്തിരുന്ന വിപഞ്ചിക, ഏഴ് വർഷമായി യുഎഇയിൽ താമസിക്കുകയായിരുന്നു. നിധീഷുമായി വേർപിരിഞ്ഞ് താമസിച്ചിരുന്ന വിപഞ്ചിക, ഭർത്താവിന്റെയും കുടുംബത്തിന്റെയും പീഡനം മൂലമാണ് ആത്മഹത്യയിലേക്ക് നീങ്ങിയതെന്ന് ആരോപണമുണ്ട്.
വിപഞ്ചികയുടെ ആത്മഹത്യാക്കുറിപ്പിൽ നിധീഷ്, ഇയാളുടെ പിതാവ്, സഹോദരി എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. കുണ്ടറ പോലീസ് നിധീഷിനും കുടുംബാംഗങ്ങൾക്കുമെതിരെ സ്ത്രീധന നിരോധന നിയമപ്രകാരവും ഭാരതീയ ന്യായ സംഹിതയുടെ വകുപ്പുകൾ പ്രകാരവും കേസെടുത്തിരുന്നു. ഈ കേസ് നിലവിൽ ക്രൈംബ്രാഞ്ചിന് കൈമാറാൻ തീരുമാനമെടുത്തതായും വിവരമുണ്ട്. ഇന്നലെ അമ്മ ഉൾപ്പെടെയുള്ള ബന്ധുക്കൾ ഷാർജയിലെത്തിയിരുന്നു. ഇവരുടെ നേതൃത്വത്തിൽ വിപഞ്ചികയുടെയും വൈഭവിയുടെയും മൃതദേഹങ്ങൾ നടപടികൾ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
0 Comments