banner

പരവൂര്‍ കോട്ടപ്പുറം സ്‌കൂളില്‍ ബഹുനില കെട്ടിടം സമര്‍പിച്ചു: പഠനനിലവാരം ഉയര്‍ത്തുന്നതില്‍ പ്രതിജ്ഞാബദ്ധമെന്ന് മന്ത്രി വി ശിവന്‍കുട്ടി

വിദ്യാലയങ്ങളില്‍ ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം പഠനനിലവാരം ഉയര്‍ത്തുന്നതിലും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പരവൂര്‍ കോട്ടപ്പുറം സര്‍ക്കാര്‍ എല്‍ പി സ്‌കൂളില്‍ നിര്‍മിച്ച ബഹുനില കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഓരോ വിദ്യാര്‍ഥിക്കും മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുകയാണ്. പരീക്ഷകള്‍ നടത്തി അക്കാദമിക മികവ് വിലയിരുത്തും. പഠനം സന്തോഷകരമായ അനുഭവമാക്കാന്‍ നൂതനവിദ്യകളിലൂടെ പുതിയ പാഠ്യപദ്ധതി കൊണ്ടുവന്നു. അക്കാദമിക മികവിനോടൊപ്പം ശാരീരികവും മാനസികവുമായ വളര്‍ച്ചയ്ക്കും പ്രാധാന്യം നല്‍കും. ദേശീയ സര്‍വേയില്‍ വിദ്യാഭാസ രംഗത്ത് 16-ാം സ്ഥാനത്തായിരുന്ന കേരളം നിലവില്‍ രണ്ടാം സ്ഥാനത്താണ്-മന്ത്രി പറഞ്ഞു.

കിഫ്ബി ഫണ്ടില്‍ നിന്നും ഒരു കോടി ഏഴ് ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചത്. തീരദേശ വികസന കോര്‍പറേഷനായിരുന്നു നിര്‍മാണച്ചുമതല.

ജി.എസ് ജയലാല്‍ എം.എല്‍.എ അധ്യക്ഷനായി. നഗരസഭ ചെയര്‍പേഴ്‌സണ്‍ പി. ശ്രീജ, വൈസ് ചെയര്‍പേഴ്‌സണ്‍ എ. സഫര്‍ കയാല്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ വി. അംബിക, എസ്. ഗീത, എസ്. ശ്രീലാല്‍, എസ്. മിനി, ജെ. ഷെരീഫ്, ഡി. ഡി. ഇ കെ.ഐ. ലാല്‍, ചാത്തന്നൂര്‍ എ.ഇ.ഒ എലിസബത്ത് ഉമ്മന്‍, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഐ ജി ഷിലു, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, അധ്യാപകന്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Post a Comment

0 Comments