banner

ഷാർജയില്‍ അതുല്യ ശേഖർ മരിച്ചത് പുതിയ ജോലിയിൽ പ്രവേശിക്കാനിരിക്കെ...!, അനുഭവിച്ചത് ഭർത്താവിൻ്റെ കൊടിയ പീഡനം; എല്ലാം സഹിച്ചത് മകൾക്ക് വേണ്ടി

കൊല്ലം : തേവലക്കര സ്വദേശിനി അതുല്യ ശേഖർ (30) ഷാർജയിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. ഭർത്താവ് സതീഷിൽ നിന്ന് യുവതി ക്രൂരമായ മർദനം നേരിട്ടിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. അതുല്യയുടെ മരണം കൊലപാതകമാണെന്നാണ് കുടുംബം സംശയിക്കുന്നത്.

18-ാം വയസിൽ സതീഷുമായി വിവാഹിതയായ അതുല്യ, വിവാഹശേഷം നിരന്തരമായ പ്രശ്നങ്ങൾ നേരിട്ടിരുന്നതായി ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. സതീഷ് സ്ഥിരമായി മദ്യപിച്ചിരുന്നതായും മർദിച്ചിരുന്നതായും അതുല്യ ബന്ധുക്കളോട് പരാതിപ്പെട്ടിരുന്നു. മർദനത്തിന്റെ വീഡിയോ ദൃശ്യങ്ങളും ശരീരത്തിലെ മുറിവുകളുടെ ചിത്രങ്ങളും അതുല്യ സഹോദരി അഖില ഗോകുലിന് അയച്ചുനൽകിയിരുന്നു. 

കഴിഞ്ഞ ഒരു വർഷമായി ഷാർജയിൽ താമസിച്ചിരുന്ന ദമ്പതികൾക്കിടയിൽ വീണ്ടും വഴക്കുണ്ടായതായി റിപ്പോർട്ട്. ശനിയാഴ്ച സഫാരി മാളിലെ ഒരു സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിക്കാനിരുന്ന അതുല്യ, വെള്ളിയാഴ്ച രാത്രിയുണ്ടായ വഴക്കിന് ശേഷം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. എന്നാൽ, സതീഷ് അതുല്യയെ കൊലപ്പെടുത്തിയതാണെന്നാണ് കുടുംബത്തിന്റെ ആരോപണം. ക്രൂരമായ മർദനം നേരിട്ടിരുന്ന അതുല്യ, മകൾ ആരാധികയ്ക്ക് (10) വേണ്ടി എല്ലാം സഹിച്ചതായി സുഹൃത്തുക്കളോട് നേരത്തെ വെളിപ്പെടുത്തിയിരുന്നു. വിവാഹമോചനത്തിന് തയ്യാറെടുക്കുകയായിരുന്നുവെന്നും അതുല്യ സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായി വിവരം.

ദുബായിലെ അരോമ കോൺട്രാക്ടിങ് കമ്പനിയിൽ ജീവനക്കാരനാണ് സതീഷ്. ദമ്പതികളുടെ ഏകമകൾ ആരാധിക അതുല്യയുടെ മാതാപിതാക്കൾക്കൊപ്പം നാട്ടിൽ താമസിക്കുന്നു. അതുല്യയുടെ സഹോദരി അഖില ഷാർജയിൽ ഇവരുടെ ഫ്ലാറ്റിനടുത്ത് താമസിക്കുന്നു. 

ഷാർജ ഫോറൻസിക് വിഭാഗത്തിന്റെ കസ്റ്റഡിയിലുള്ള അതുല്യയുടെ മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുവരും. സംഭവത്തിൽ ഷാർജ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

إرسال تعليق

0 تعليقات