അഞ്ചാലുംമൂട് : കടവൂർ മതിലിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയയ്ക്ക് ശേഷം ഐസിയുവിൽ ചികിത്സയിലായിരുന്ന രോഗി മരിച്ചു. സി.കെ.പി. കോട്ടയ്ക്കകം സ്വദേശിനി ശാരു (64) ആണ് മരിച്ചത്. കഴിഞ്ഞ 11-ന് ഹെർണിയ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ശാരുവിനെ ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. തുടർന്ന് ഐസിയുവിൽ നിരീക്ഷണത്തിലായിരുന്നു. എന്നാൽ, ചൊവ്വാഴ്ച രാവിലെ 6:30-ന് അധികൃതർ ബന്ധുക്കളെ അടിയന്തരമായി ആശുപത്രിയിലേക്ക് വിളിപ്പിച്ചു. ഇവർ എത്തിയപ്പോൾ ശാരു ചലനമറ്റ് കിടക്കുന്നതായും മുഖത്ത് മുറിവുള്ളതായും കാണപ്പെട്ടു. ഇതോടെ ബന്ധുക്കൾ ആശുപത്രി അധികൃതരുമായി വാക്കുതർക്കത്തിലേർപ്പെട്ടു. അഞ്ചാലുംമൂട് പൊലീസ് സ്ഥലത്തെത്തി ഇവരെ അനുനയിപ്പിച്ചു. എന്നാൽ, ശസ്ത്രക്രിയയ്ക്ക് ശേഷം രണ്ട് നഴ്സുമാർ ശാരുവിനെ താങ്ങി നടത്തുന്നത് ഐസിയുവിലെ മറ്റൊരു രോഗി കണ്ടിരുന്നതായി പൊലീസിനോട് വെളിപ്പെടുത്തിയതായാണ് വിവരം. ഇതിനിടയിലാവാം ശാരു കുഴഞ്ഞുവീണതെന്നും ഈ വീഴ്ചയിലാണ് മുഖത്ത് പരിക്കേറ്റതെന്നുമാണ് പോലീസ് നിഗമനം. തുടർന്ന് പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം ഉച്ചയോടെ വിട്ടുകിട്ടി. പിന്നീട് സംസ്കരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശസ്ത്രക്രിയയെ തുടർന്നുണ്ടായ ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ബന്ധുക്കളുടെ പരാതി സ്വീകരിച്ച പൊലീസ്, കേസെടുത്ത് അന്വേഷണം തുടങ്ങി. വിവരങ്ങൾ തേടിയെങ്കിയും ആശുപത്രി അധികൃതർ പ്രതികരിച്ചില്ല. ഭർത്താവ് ശശി, മക്കൾ പരേതനായ സന്തോഷ്, സനൽകുമാർ.
0 Comments