banner

കൊല്ലം തേവലക്കരയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം....!, എ.ബി.വി.പിയും കെ.എസ്.യുവും നാളെ പഠിപ്പ് മുടക്കി പ്രതിഷേധിക്കും


കൊല്ലം : തേവലക്കര ബോയ്‌സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കൊല്ലം ജില്ലയിൽ നാളെ (ജൂലൈ 18) ABVP, KSU സംഘടനകൾ വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്തു. സൈക്കിൾ ഷെഡിന് മുകളിൽ വീണ ചെരുപ്പെടുക്കാൻ ശ്രമിക്കവെ താഴ്ന്നു കിടന്ന ഹൈ വോൾട്ടേജ് വൈദ്യുതി ലൈനിൽ തട്ടിയാണ് മിഥുൻ മരിച്ചത്.

സ്കൂളിനോട് ചേർന്നുള്ള ഇരുമ്പ് ഷീറ്റിട്ട സൈക്കിൾ ഷെഡിന് മുകളിലേക്ക് ബെഞ്ച് വെച്ച് കയറിയ മിഥുൻ, വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് വീഴുകയായിരുന്നു. 40 വർഷം പഴക്കമുള്ള ഈ ലൈൻ, ഗ്രൗണ്ട് ക്ലിയറൻസ് മാനദണ്ഡങ്ങൾ പാലിച്ചാണെന്ന് KSEB സബ് എഞ്ചിനീയർ അനീർ കെ.കെ. വാദിച്ചെങ്കിലും, ഷെഡ് അനുമതിയില്ലാതെ നിർമിച്ചതാണ് വിനയായതെന്നാണ് KSEB-യുടെ നിലപാട്. എന്നാൽ, രണ്ട് ദിവസം മുമ്പ് സ്കൂൾ മാനേജ്മെന്റ് ഫോണിലൂടെ പരാതി അറിയിച്ചിരുന്നതായും, ഇൻസുലേറ്റഡ് കേബിൾ ഉപയോഗിക്കാൻ തീരുമാനിച്ചിരുന്നതായും KSEB വ്യക്തമാക്കി. 

സംഭവത്തിൽ വിദ്യാഭ്യാസ-വൈദ്യുതി വകുപ്പുകളുടെ ഗുരുതര വീഴ്ചയാണ് കാരണമെന്ന് ABVP സംസ്ഥാന ജോയിന്റ് സെക്രട്ടറി ഗോകുൽ കൃഷ്ണൻ ആരോപിച്ചു. “പൊതുവിദ്യാഭ്യാസ മേഖലയിലെ അഴിമതിയും കെടുകാര്യസ്ഥതയും തുറന്നുകാട്ടുന്നതാണ് ഈ ദുരന്തം. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പൊതുസമൂഹത്തോട് മറുപടി പറയണം,” അദ്ദേഹം പറഞ്ഞു. കുറ്റക്കാർക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്നും ABVP ആവശ്യപ്പെട്ടു.

കോവൂർ കുഞ്ഞുമോൻ എംഎൽഎ സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു. KSEB-യുടെയും സ്കൂൾ മാനേജ്മെന്റിന്റെയും വീഴ്ച ഒരുപോലെ ഉത്തരവാദിത്തമുള്ളതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “20 വർഷമായി വൈദ്യുതി ലൈൻ ഉയർത്താൻ നടപടിയെടുക്കാത്തത് ഗുരുതര കൃത്യവിലോപമാണ്,” എംഎൽഎ പറഞ്ഞു. 

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകി. കൊല്ലത്തെ ഉന്നത വിദ്യാഭ്യാസ ഓഫീസർമാർക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും നിർദേശിച്ചിട്ടുണ്ട്. 

“സ്കൂളുകൾ ഹൈടെക് ആണെന്ന് മന്ത്രി അവകാശപ്പെടുമ്പോൾ, വിദ്യാർത്ഥികൾ പാമ്പുകടിയേറ്റും ഷോക്കേറ്റും മരിക്കുന്നത് ഗൗരവമായി കാണണം,” ഗോകുൽ കൃഷ്ണൻ കൂട്ടിച്ചേർത്തു. തേവലക്കര, മൈനാഗപ്പള്ളി, പടിഞ്ഞാറെ കല്ലട, മൺറോതുരുത്ത് എന്നീ പഞ്ചായത്തുകളിൽ നിന്നുള്ള 11 അംഗ ജനകീയ കമ്മിറ്റിയാണ് സ്കൂൾ മാനേജ്മെന്റ്. ഇവർക്കും ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നാണ് വിമർശനം.


Post a Comment

0 Comments