തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുനെ അവസാനമായി കാണാൻ ഹൃദയം തകർന്ന് അമ്മ എത്തി. കുവൈറ്റിൽ നിന്ന് രാവിലെ 9.08നാണ് അമ്മ സുജ കൊച്ചി വിമാനത്താവളത്തിലിറങ്ങിയത്.
ഇളയ മകനും ബന്ധുക്കളും വിമാനത്താവളത്തിലെത്തിയിരുന്നു. കൊല്ലത്തേക്ക് പോകുന്ന കുടുംബത്തിന് പൊലീസ് അകമ്പടിയുണ്ടായിരുന്നു. രാവിലെ പത്തു മുതൽ മിഥുൻ പഠിച്ച സ്കൂളിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ് മൃതദേഹം. ആയിരങ്ങൾ ആണ് മിഥുനെ ഒരു നോക്കു കാണാനായി ഇവിടെയൊക്കെ എത്തിച്ചേരുന്നത്.
മൂന്നുമാസം മുമ്പ് വീട്ടുജോലിക്കായി കുവൈറ്റിൽ പോയ സുജ, മകന് ദുരന്തമുണ്ടാകുന്ന സമയത്ത് തുർക്കിയിലായിരുന്നു. ജോലിചെയ്യുന്ന വീട്ടിലുള്ളവരുമൊത്ത് ഒരുമാസം മുമ്പ് പോയതായിരുന്നു. എല്ലാ ദിവസവും വീഡിയോ കോളിലൂടെ മക്കളോട് സുജ സംസാരിക്കാറുണ്ടായിരുന്നു. മിഥുൻ ഷോക്കേറ്റ് ദാരുണമായി മരിച്ച വിവരം അറിയിക്കാൻ കുടുംബാംഗങ്ങൾ ശ്രമം നടത്തിയിട്ടും മണിക്കൂറുകളോളം സാധിച്ചിരുന്നില്ല.
0 Comments