Iklan

Iklan

,

Iklan

Video

കരുനാഗപ്പള്ളി ജിം സന്തോഷ് വധക്കേസിലെ ആറ് പ്രതികൾക്കെതിരെ കാപ്പാ നിയമപ്രകാരം കരുതൽ തടങ്കൽ

SPECIAL CORRESPONDENT
, Friday, August 29, 2025 WIB Last Updated 2025-08-29T16:43:31Z

കൊല്ലം : കരുനാഗപ്പള്ളി ജിം സന്തോഷ് വധക്കേസിലെ പ്രതികളായ ആറ് പേർക്കെതിരെ കേരള ആന്റി-സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് (കാപ്പാ) നിയമപ്രകാരം കരുതൽ തടങ്കലിന് ഉത്തരവായി. കരുനാഗപ്പള്ളി, ഓച്ചിറ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തിട്ടുള്ള നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇവർ. കാലാകാലങ്ങളിൽ ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നിരബാധം തുടർന്നതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ കാപ്പാ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിച്ചത്.

കരുനാഗപ്പള്ളി മഠത്തിലെ കാരായ്മ കൃഷ്ണ വിലാസത്തിലെ അലുവ എന്ന അതുൽ (29), തഴവ, വടക്കുംമൂറി മേക്ക് കളരിക്കൽ വീട്ടിലെ കൊച്ചുമോൻ എന്ന രാജീവ് (35), ഓച്ചിറ, മേമൻ ലക്ഷ്മി ഭവനത്തിലെ കുക്കു എന്ന മനു (30), ഓച്ചിറ, മേമൻ അങ്ങാടി കിഴക്കേത്തിൽ വീട്ടിലെ മൈന ഹരി എന്ന ഹരികൃഷ്ണൻ (28), ഓച്ചിറ പായിക്കുഴി മോഴൂർ തറയിൽ വീട്ടിലെ പ്യാരി (25), ഓച്ചിറ, ചങ്ങനാശേരി പുതുക്കാട്ട് കിഴക്കേത്തിലെ പങ്കജ് (35) എന്നിവരെയാണ് കരുതൽ തടങ്കലിലാക്കിയത്.

വ്യക്തികൾക്ക് നേരെയുള്ള കൈയ്യേറ്റം, അതിക്രമം, കഠിന ദേഹോപദ്രവം ഏൽപ്പിക്കൽ, നരഹത്യാശ്രമം, സ്ത്രീകൾക്കെതിരായ അതിക്രമം, കൊലപാതകശ്രമം, കൊലപാതകം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങൾ ചുമത്തിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി കിരൺ നാരായണൻ ഐ.പി.എസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കൊല്ലം ജില്ലാ കളക്ടർ ദേവിദാസ് എൻ.ഐ.എ.എസ് കരുതൽ തടങ്കലിന് ഉത്തരവിട്ടത്.

ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഓച്ചിറ പോലീസ് ഇൻസ്പെക്ടർ സുജാതൻപിള്ളയുടെ നേതൃത്വത്തിൽ എസ്.ഐ റിനോക്സ്, സി.പി.ഓ മാരായ ബിജി, വൈശാഖ്, അനീസ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്. ഇവരെ പൂജപ്പുര സെന്റ്രൽ ജയിലിലേക്ക് അയച്ചു. ഇവരിൽ പ്യാരി, അതുൽ എന്നിവരെ മുമ്പ് രണ്ട് തവണയും പങ്കജ്, മനു എന്നിവരെ ഓരോ തവണയും കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്.

കാപ്പാ നിയമം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള പ്രതിരോധാർത്ഥം കരുതൽ തടങ്കലിനുള്ള നിയമമാണ്. കുപ്രസിദ്ധ ഗുണ്ടകളെയും റൗഡികളെയും ഒരു വർഷം വരെ നാടുകടത്താനും ഒരു പ്രദേശം പ്രശ്നബാധിതമാണെന്ന് ഉത്തരവിടാനും ജില്ലാ മജിസ്ട്രേറ്റിന് അധികാരമുണ്ട്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents