കൊല്ലം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മൊബൈൽ കടയ്ക്കുള്ളിൽ വച്ച് പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. ഇരവിപുരം കൂട്ടിക്കട ആമിന മൻസിലിൽ ആസിഫാണ് (28) പിടിയിലായത്. കഴിഞ്ഞ മേയ് 14നായിരുന്നു സംഭവം. മൊബൈൽ ശരിയാക്കാൻ പ്രതി ജോലി നോക്കുന്ന മൊബൈൽ കടയിൽ എത്തിയതായിരുന്നു അതിജീവത.
മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ മൊബൈൽ ഫോണിലെ ചില ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട് അതിജീവതയും പ്രതിയും സംസാരിച്ചു. ഇതിനിടയിൽ അതിജീവതയെ കടയ്ക്കുള്ളിൽ എത്തിച്ച് പീഡിപ്പിക്കുകയിരുന്നു. ഭയന്ന അതിജീവത പുറത്ത് ആരോടും പറഞ്ഞിരുന്നില്ല. സ്കൂളിൽ നടത്തിയ കൗൺസലിംഗിലാണ് വിവരം പുറത്തുവന്നത്. സ്കൂൾ അധികൃതർ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിച്ചു.
അവിടെ നിന്ന് വിവരം പൊലീസിന് കൈമാറി. അതിജീവതയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് ഇന്നലെ രാവിലെ കട തുറക്കാനെത്തിയ സമയം പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇരവിപുരം ഇൻസ്പെക്ടർ ആർ.രാജീവ്, ജൂനിയർ എസ്.ഐ മനു, സി.പി.ഒമാരായ നിവിൻ, ഷാൻ അലി, സജിൻ എന്നിരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്..
0 تعليقات