ഇന്ന് വൈകിട്ട് 3.30നാണ് മുഖ്യമന്ത്രിയുമായി ബിനോയ് വിശ്വം കൂടിക്കാഴ്ച നടത്തുക. അതേസമയം, സിപിഐയെ പിണക്കില്ലെന്നാണ് സിപിഎം നേതൃത്വം അറിയിക്കുന്നത്. ഇടതുമുന്നണിയിൽ ചർച്ചകൾ തുടരുമെന്നും മുന്നണി ചേരുന്ന തീയതി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നാണ് സിപിഎം അറിയിക്കുന്നത്.
സമവായ നിർദ്ദേശങ്ങൾ സിപിഐ നേതൃത്വത്തെ അറിയിക്കുമെന്നും സിപിഎം നേതാക്കൾ വ്യക്തമാക്കുന്നു.
അതേ സമയം, പി എം ശ്രീ പദ്ധതിയിൽ സർക്കാർ പിൻമാറണം എന്ന് ഉറച്ച നിലപാടുള്ള സിപിഐ നിലപാട് കടുപ്പിക്കുമോ എന്ന് ആശങ്ക. ഇന്ന് പാർട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് ചേർന്ന് തീരുമാനം എടുക്കും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ വിളിച്ച് കരാറിൽ നിന്നും പിന്നോട്ട് പോകുക പ്രയാസമാണെന്ന് അറിയിച്ചതായാണ് നേരത്തെ പുറത്തുവന്ന സൂചന എന്നാൽ ഇക്കാര്യം ബിനോയ് തള്ളി. പദ്ധതിയിൽ ഒപ്പിട്ടതിനാൽ കരാറുമായി മുന്നോട്ടുപോകുമെന്നും ഫണ്ട് പ്രധാനമാണെന്നും സിപിഐയെ അറിയിച്ചെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം. കടുത്ത നിലപാട് എടുക്കരുതെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടതായും. അതേസമയം മുഖ്യമന്ത്രിയെ ബിനോയ് വിശ്വവും എതിർപ്പ് അറിയിച്ചെന്നാണ് സൂചനയെന്നും ഈ സംഭാഷണങ്ങളെ അധികരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിൽ ആശയപരമായും രാഷ്‌ട്രീയപരമായും ശരിയായ തീരുമാനം എടുക്കുമെന്നാണ് ബിനോയ് വിശ്വം മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്. മുഖ്യമന്ത്രി വിളിച്ചു എന്ന വാർത്തയും അദ്ദേഹം തള്ളി. മന്ത്രിസഭായോഗത്തിൽ നിന്നും മന്ത്രിമാരെ പിൻവലിക്കുന്നതടക്കം തീരുമാനം എടുക്കുമോ എന്നതാണ് ഇന്ന് അറിയാനാകുക. മന്ത്രിസഭയെ നോക്കുകുത്തിയാക്കി ചർച്ചയില്ലാതെ കരാർ ഒപ്പിട്ടു എന്ന വികാരമാണ് സിപിഐക്കുള്ളത്.

0 Comments