ഗുവാഹാട്ടി : വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ഉദ്ഘാടന മത്സരത്തില്‍ ശ്രീലങ്കയെ 59 റൺസിന് തോൽപ്പിച്ചു. മഴകാരണം 47 ഓവറായി കുറച്ച മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത ഇന്ത്യ എട്ട് വിക്കറ്റിന് 269 റൺസെടുത്തപ്പോൾ ലങ്ക 45.4 ഓവറിൽ 211 റൺസിന് പുറത്തായി. ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം ലങ്കയുടെ വിജയലക്ഷ്യം 47 ഓവറിൽ 271 റൺസായിരുന്നു. ലങ്കൻ നിരയിൽ ക്യാപ്റ്റൻ ചമരി അത്തപത്തു (43), നീലാക്ഷിക ശിവ (35) എന്നിവരാണ് അല്പമെങ്കിലും പൊരുതിയത്. ഇന്ത്യക്കായി ദീപ്തി 10 ഓവറിൽ 54 റൺസ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തി. സ്‌നേഹ് റാണയും ശ്രീ ചരണിയും രണ്ടുവിക്കറ്റ് വീതമെടുത്തു.
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ദീപ്തി ശര്‍മ, അമന്‍ജോത് കൗര്‍, ഹര്‍ലീന്‍ ഡിയോള്‍ എന്നിവരുടെ ഇന്നിങ്‌സുകളാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഒരു ഘട്ടത്തില്‍ ബാറ്റിങ് തകര്‍ച്ച മുന്നിൽക്കണ്ട ഇന്ത്യയെ കരകയറ്റിയത് ഏഴാം വിക്കറ്റില്‍ ഒന്നിച്ച ദീപ്തി ശര്‍മ – അമന്‍ജോത് കൗര്‍ സഖ്യമായിരുന്നു.
ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് നാലാം ഓവറില്‍ തന്നെ ഫോമിലുള്ള സ്മൃതി മന്ദാനയെ (8) നഷ്ടമായി. തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച പ്രതിക റാവലും ഹര്‍ലീനും ചേര്‍ന്ന് 67 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ ഇന്ത്യന്‍ ഇന്നിങ്‌സ് ട്രാക്കിലായി. 59 പന്തില്‍ നിന്ന് 37 റണ്‍സെടുത്ത പ്രതിക 20-ാം ഓവറില്‍ പുറത്തായി. ഒരു സിക്‌സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
തുടര്‍ന്ന് ഹര്‍ലീനും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും ചേര്‍ന്ന് സ്‌കോര്‍ 120 വരെയെത്തിച്ചു. 64 പന്തില്‍ നിന്ന് 48 റണ്‍സെടുത്ത ഹര്‍ലീനെ ഇതിനിടെ ഇനോക രണവീര പുറത്താക്കി. തൊട്ടടുത്ത പന്തില്‍ ജെമീമ റോഡ്രിഗസും (0), അഞ്ചാം പന്തില്‍ ഹര്‍മന്‍പ്രീതും (19 പന്തില്‍ 21) പുറത്തായതോടെ ഇന്ത്യ വിറച്ചു. പിന്നാലെ റിച്ച ഘോഷും (2) മടങ്ങിയതോടെ ഇന്ത്യ ആറിന് 124 റണ്‍സെന്ന നിലയില്‍ തകര്‍ന്നു.
എന്നാല്‍ തിരിച്ചുവരവ് സാധ്യമല്ലെന്ന് എല്ലാവരും കരുതിയ ഘട്ടത്തിലാണ് ദീപ്തി ശര്‍മയും അമന്‍ജോതും ഇന്ത്യയുടെ രക്ഷകരായത്. ഏഴാം വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ത്ത 103 റണ്‍സാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നട്ടെല്ല്. 56 പന്തുകള്‍ നേരിട്ട അമന്‍ജോത് ഒരു സിക്‌സും അഞ്ച് ഫോറുമടക്കം 57 റണ്‍സെടുത്തു. ഇന്ത്യയുടെ ടോപ് സ്‌കോററും അമനാണ്.
53 പന്തില്‍ നിന്ന് 53 റണ്‍സെടുത്ത ദീപ്തി ഇന്നിങ്‌സിന്റെ അവസാന പന്തിലാണ് പുറത്തായത്. 15 പന്തില്‍ നിന്ന് 28 റണ്‍സെടുത്ത സ്‌നേഹ് റാണയുടെ ഇന്നിങ്‌സും നിര്‍ണായകമായി. രണ്ടു വീതം സിക്‌സും ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.ശ്രീലങ്കയ്ക്കായി ഇനോക രണവീര നാലു വിക്കറ്റ് വീഴ്ത്തി. ഉദേശിക പ്രഭോദനി രണ്ടു വിക്കറ്റെടുത്തു.
.jpg)
0 Comments