banner

ഐഫോണിന് ലോണെടുത്തു...!, തിരിച്ചടവ് മുടങ്ങിയതോടെ യുവാവിനെ ക്രൂരമായി മർദിച്ച് ബജാജ് ഫിനാൻസ് ജീവനക്കാരൻ; ഗുരുതര പരിക്ക്


പാലക്കാട് : മൊബൈൽ ഫോൺ വാങ്ങാനായി സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് ലോൺ എടുത്ത യുവാവിനെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ക്രൂരമായി മർദിച്ച സംഭവത്തിൽ ബജാജ് ഫിനാൻസിന്റെ ജീവനക്കാരൻ അറസ്റ്റിൽ. മർദനമേറ്റ വാണിയംകുളം പനയൂർ സ്വദേശി ഷരീഫിന്റെ (28) തലയോട്ടിക്കും താടിയെല്ലിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഷരീഫ് നിലവിൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. രാജ്യത്തെ പ്രമുഖ ഫിനാൻഷ്യൽ കമ്പനിയായ ബജാജ് ഫിനാൻസിന്റെ ജീവനക്കാരനെതിരെയാണ് യുവാവിന്റെ പരാതി.  

ഐഫോൺ വാങ്ങുന്നതിനായി ബജാജ് ഫിനാൻസിൽ നിന്ന് ലോൺ എടുത്ത ഷരീഫിന് തുടർച്ചയായി തിരിച്ചടവ് മുടങ്ങിയിരുന്നു. ഇത് ചോദ്യം ചെയ്യാനെത്തിയ കമ്പനിയുടെ ജീവനക്കാരനായ അനൂപ്, ഷരീഫിന്റെ വീട്ടിലെത്തി. സ്ഥാപനത്തിന്റെ ഇടപാടുകാരിയല്ലാത്ത ഷരീഫിന്റെ അമ്മയുടെ ഫോൺ നമ്പർ അനൂപ് ആവശ്യപ്പെട്ടതോടെയാണ് തർക്കങ്ങൾ തുടങ്ങിയത്. ഷരീഫ് ഇത് ചോദ്യം ചെയ്തതോടെ ഇരുവരും തമ്മിൽ ഫോണിലൂടെ വാക്കുതർക്കം ഉണ്ടായി.

സ്വകാര്യ ലോൺ കമ്പനികളുടെ പണം പിരിച്ചെടുക്കൽ രീതികളിലെ ആശങ്കകൾ വർധിപ്പിക്കുന്ന തരത്തിലുള്ള ഈ തർക്കം പിന്നീട് ക്രൂരമായ ആക്രമണത്തിലേക്ക് വഴിമാറുകയായിരുന്നു.  ക്രൂരമായ മർദനം, ഗുരുതരാവസ്ഥ ഞായറാഴ്ച രാത്രി 11 മണിയോടെ വാണിയംകുളത്ത് വെച്ചാണ് ആക്രമണം നടന്നത്. തർക്കം പരിഹരിക്കുന്നതിനായി ഷരീഫ് തന്നെയാണ് അനൂപിനെ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയത്. എന്നാൽ, വാക്കുതർക്കം പെട്ടെന്ന് കയ്യാങ്കളിയായി മാറുകയും അനൂപിന്റെ ക്രൂരമായ മർദനമേറ്റ് ഷരീഫ് നിലത്ത് വീഴുകയുമായിരുന്നു. മർദനത്തിൽ ഷരീഫിന്റെ തലയോട്ടിക്കും താടിയെല്ലിനും ഗുരുതരമായ പരിക്കേറ്റു. 

രക്തസ്രാവവും ബോധക്ഷയവും ഉണ്ടായതോടെ ഷരീഫിന്റെ നില അതീവ ഗുരുതരമായി. ആക്രമിച്ച അനൂപ് തന്നെയാണ് പരിക്കേറ്റ യുവാവിനെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. നില വഷളായതിനെ തുടർന്ന് പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ യൂണിറ്റിലേക്ക് മാറ്റുകയായിരുന്നു.  പൊലിസ് നടപടിയും അന്വേഷണവും ഷരീഫിന്റെ പരാതിയെ തുടർന്ന് വാണിയംകുളം പൊലിസ് അതിവേഗം കേസെടുത്തു. ബജാജ് ഫിനാൻസ് ജീവനക്കാരനായ അനൂപിനെ പൊലിസ് കസ്റ്റഡിയിലെടുക്കുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Post a Comment

0 Comments