കാഞ്ഞാവെളി : തൃക്കരുവ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ നടന്ന കട്ടിൽ വിതരണ പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഗുണഭോക്താവുമായി വന്ന ഓട്ടോ ഡ്രൈവർക്ക് നായയുടെ കടിയേറ്റു. പ്രാക്കുളം അമ്പിളി മന്ദിരത്തിൽ താമസിക്കുന്ന 60 വയസുകാരനായ മനോഹരനാണ് കഴിഞ്ഞ ദിവസം തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. പഞ്ചായത്ത് ഓഫീസിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിനടിയിൽ കിടന്ന നായ, പ്രകോപനം കൂടാതെ മനോഹരനെ കടിക്കുകയായിരുന്നു. വലതു കാലിൽ പരിക്കേറ്റ മനോഹരൻ ബഹളംവെച്ചതോടെ പഞ്ചായത്ത് സെക്രട്ടറി സംഭവസ്ഥലത്തെത്തി വിവരം അന്വേഷിച്ചെങ്കിലും ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
സംഭവ സ്ഥലത്തുണ്ടായിരുന്ന പഞ്ചായത്ത് പ്രസിഡന്റ് മനോഹരനോട് ഉടൻ ആശുപത്രിയിൽ പോയി ചികിത്സ തേടാൻ നിർദേശിച്ചു. തുടർന്ന് കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ മനോഹരൻ ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്. പഞ്ചായത്തിൽ നിന്ന് ആരും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും പഞ്ചായത്ത് ഓഫീസിനു മുന്നിൽ നായകളുടെ ശല്യം രൂക്ഷമാണെന്നും മനോഹരൻ 'അഷ്ടമുടി ലൈവ് ന്യൂസി'നോട് പറഞ്ഞു.
നാട്ടുകാരും സമീപത്തെ ഓട്ടോ തൊഴിലാളികളും പഞ്ചായത്ത് ഓഫീസ് പരിസരത്തെ നായശല്യത്തെക്കുറിച്ച് പരാതിപ്പെട്ടു. ദിനവും വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്ത് ഓഫീസിലെത്തുന്ന നൂറുകണക്കിന് ആളുകൾ തെരുവുനായ്ക്കളുടെ ശല്യം മൂലം ബുദ്ധിമുട്ടുന്നതായി അവർ ചൂണ്ടിക്കാട്ടി. നായകളുടെ ആക്രമണം തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

0 Comments