banner

തൃക്കരുവയിൽ ഏക മകളുടെ ഓർമദിനത്തിൽ പിതാവ് ജീവനൊടുക്കി...!, നോവായി സുഹൃത്തുക്കൾക്കയച്ച അവസാന സന്ദേശം


തൃക്കരുവ : ഏക മകളുടെ ഓർമദിനത്തിൽ പിതാവ് ജീവനൊടുക്കി. ഞാറക്കൽ വാർഡിൽ കുറ്റിക്കാട്ട് വിളയിൽ പരേതനായ അസനാരു കുഞ്ഞു മകൻ ശിഹാബുദ്ദീ(56)നെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഏക മകൾ ഫാത്തിമ മൂന്നു വർഷങ്ങൾക്ക് മുൻപ് ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്തിരുന്നു. ഇതിൻ്റെ ഓർമ്മ ദിവസത്തിലാണ് ശിഹാബുദ്ദീന്റെ മരണവും സംഭവിച്ചത്.

പ്രാദേശിക ക്ലബ് ആയ “സൗഹൃദ” ക്ലബ്ബിന്റെ ഖജാൻജി ഉൾപ്പെടെയുള്ള വിവിധ ഭാരവാഹിത്വങ്ങൾ വഹിച്ചിരുന്ന വ്യക്തിയായിരുന്നു ശിഹാബുദ്ദീൻ. താൻ മരണത്തിലേക്ക് പോകുന്നുവെന്ന സൂചന നൽകുന്ന വോയിസ് സന്ദേശം സൗഹൃദ ക്ലബ്ബിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിലേക്കാണ് അദ്ദേഹം അവസാനമായി അയച്ചത്. 

സന്ദേശം ലഭിച്ചതിനെ തുടർന്ന് സുഹൃത്തുകൾ വീട്ടിലെത്തി പരിശോധിച്ചപ്പോഴേക്കും അദ്ദേഹം വീടിനുള്ളിൽ തൂങ്ങിയ നിലയിലായിരുന്നു. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, ഗുരുതരാവസ്ഥയിലായതിനാൽ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരണപ്പെടുകയായിരുന്നു. മകൾ ഫാത്തിമയുടെ മരണശേഷം ശിഹാബുദ്ദീൻ അതീവ ദുഃഖത്തിലായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഫാത്തിമയ്ക്ക് ഒരു മകളുണ്ട്.

ക്രിസ്മസ് ദിനമായതിനാൽ ഇന്ന് പോസ്റ്റ്മോർട്ടം നടപടികൾ നടക്കില്ല. നാളെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷമാകും സംസ്കാരം. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അവസാന സന്ദേശത്തിൽ, തന്റെ മൃതദേഹം അവസാനമായി സൗഹൃദം ക്ലബ്ബിന്റെ കട്ടിലിൽ കിടത്തണമെന്നും ശിഹാബുദ്ദീൻ അഭ്യർത്ഥിച്ചിരുന്നുവെന്ന് സുഹൃത്തുക്കൾ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പൊതുദർശനം ക്ലബ്ബിൽ തന്നെ നടത്താനുള്ള സാധ്യതയുണ്ടെന്നാണ് വിവരം. സംഭവത്തിൽ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
ഭാര്യ: മറിയം ബീവി.

Post a Comment

0 Comments