banner

15 വർഷമായി പരിഹാരമില്ല: തൃക്കരുവ സ്റ്റേഡിയം വാർഡിലെ കുടിവെള്ളക്ഷാമം തിരഞ്ഞടുപ്പ് ചർച്ചയാക്കി കോൺഗ്രസ്; കുടിവെള്ളം എപ്പോഴും വാഗ്ദാനങ്ങളിലേക്ക് ഒതുങ്ങിയെന്ന് കരുവ റഫീക്ക്


തൃക്കരുവ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡായ സ്റ്റേഡിയം വാർഡിൽ തുടരുന്ന കുടിവെള്ളക്ഷാമം ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നിലുള്ള അവസാന നിമിഷ ചർച്ചയായി. വാർഡിൽ വർഷങ്ങളായി പരിഹാരമില്ലാത്ത കുടിവെള്ളപ്രശ്നം നിലനിൽക്കുന്നുവെന്നും ജനങ്ങളുടെ ദുരിതം വീണ്ടുമൊരിക്കൽ രാഷ്ട്രീയ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണെന്നും ആരോപണം ഉയരുന്നു.

യൂത്ത് കോൺഗ്രസ് നേതാവും പൊതു പ്രവർത്തകനുമായ റഫീഖ് കരുവാ സോഷ്യൽ മീഡിയയിലൂടെ മുന്നോട്ട് വച്ച ആക്ഷേപങ്ങളാണ് വിഷയത്തെ വീണ്ടും ശ്രദ്ധയിൽ കൊണ്ടുവന്നത്. വാർഡിലെ ജനങ്ങൾക്ക് പറയാനുള്ളത് “കടുത്ത കുടിവെള്ള ക്ഷാമത്തിന്റെ കഥ” മാത്രമാണെന്നും, ദിവസങ്ങളല്ല വർഷങ്ങളായി കുടിവെള്ളം ലഭിക്കാതെ കഴിയുന്ന പ്രദേശങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

2010-ൽ രൂപംകൊണ്ട വാർഡിന് 15 വർഷം പിന്നിടുമ്പോഴും കുടിവെള്ള പ്രശ്നത്തിന് ശാശ്വതപരിഹാരം കണ്ടെത്തുന്നതിൽ ജനപ്രതിനിധികൾ പരാജയപ്പെട്ടതായും കോൺഗ്രസ് കുറ്റപ്പെടുത്തി. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നായ കുടിവെള്ളം എപ്പോഴും വാഗ്ദാനങ്ങളിലേക്ക് ഒതുങ്ങി നിൽക്കുകയാണെന്നും റഫീഖ് അഭിപ്രായപ്പെട്ടു.

തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് നാളെ നടക്കാനിരിക്കുന്ന സാഹചര്യത്തിൽ, വാർഡിന്റെ ദീർഘകാല കുടിവെള്ളപ്രശ്നം വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രബിന്ദുവായിരിക്കുകയാണ്.

Post a Comment

0 Comments