banner

യുവതിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തുകയും ചെയ്‌തെന്ന കേസ്: യൂത്ത് കോണ്‍ഗ്രസ് മുൻ അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം നിഷേധിച്ച് കോടതി; പിന്നാലെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി കോൺഗ്രസ്; വേറെ വഴിയില്ലാതെ കോടതിയിൽ കീഴടങ്ങാൻ വരുന്നതിനിടയിൽ രാഹുൽ പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലാതായി സൂചന


തിരുവനന്തപുരം : യുവതിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തുകയും ചെയ്‌തെന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിന് കനത്ത തിരിച്ചടി. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി തള്ളി. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എസ്. നസീറയാണ് നിര്‍ണായക വിധി പ്രസ്താവിച്ചത്. (Rahul Mamkootathil’s bail plea rejected in sexual abuse case)

കേസിന്റെ ഗൗരവം, പ്രതി ഒളിവില്‍ കഴിയുന്നുവെന്ന വസ്തുത, പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച തെളിവുകള്‍ എന്നിവ കണക്കിലെടുത്താണ് കോടതി ജാമ്യം നിഷേധിച്ചത്. പിന്നാലെ, ഒളിവില്‍ കഴിയുന്ന രാഹുലിനെ കോടതിയിൽ കീഴടങ്ങാൻ വരുന്നതിനിടയിൽ പോലീസ് കസ്റ്റഡിയിൽ എടുത്തതായി വിവരമുണ്ട്. ഇയാളെ കാസർഗോഡ് ഹോസ്‌ദുർ മജിസ്ട്രേറ്റ് കോടതിയിൽ പ്രത്യേക അന്വേഷണസംഘം ഹാജരാക്കുമെന്നും സൂചനയുണ്ട്. അതേ സമയം, കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ രാഹുലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയതായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

രാഹുലിനെതിരെ സമാനമായ രണ്ട് ബലാത്സംഗ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കൂടാതെ, യുവതിയെ ചൂഷണം ചെയ്തതിനും നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിനും തെളിവുകള്‍ ഉണ്ടെന്ന് സ്ഥാപിക്കുന്ന സുപ്രധാന രേഖകളും മൊഴികളും കോടതിയില്‍ സമര്‍പ്പിച്ചു. അശാസ്ത്രീയമായ ഗര്‍ഭഛിദ്രം യുവതിയുടെ ജീവന് അപകടമുണ്ടാക്കിയെന്ന ഡോക്ടറുടെ നിര്‍ണായക മൊഴിയും രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കി.

ഗര്‍ഭഛിദ്രത്തിനു സമ്മര്‍ദം ചെലുത്തുന്നതിനായി യുവതിയുടെ ഫ്‌ലാറ്റിലെത്തി രാഹുല്‍ ആത്മഹത്യാ ഭീഷണി മുഴക്കിയതായും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും, പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും, ഇരുവരും തമ്മിലുള്ള ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ അടക്കം തെളിവായി സമര്‍പ്പിക്കുകയും ചെയ്തു.

ബന്ധം ഉഭയസമ്മതപ്രകാരമായിരുന്നുവെന്നും, പരാതിക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദങ്ങള്‍ കോടതി തള്ളിക്കളഞ്ഞു. യുവതിയുടെ ഇഷ്ടപ്രകാരമാണ് ഗര്‍ഭഛിദ്രം നടത്തിയതെന്നും, ഫോണ്‍ വിളികളും ചാറ്റുകളും റെക്കോര്‍ഡ് ചെയ്തത് ഗൂഢോദ്ദേശ്യത്തോടെയാണെന്നുമുള്ള പ്രതിഭാഗം വാദങ്ങള്‍ പ്രോസിക്യൂഷന്‍ ശക്തമായി ഖണ്ഡിച്ചു.

നിലവില്‍ ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

Post a Comment

0 Comments