കൊല്ലം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 67 വർഷവും 6 മാസവും കഠിനതടവും 4,10,500 രൂപ പിഴയും വിധിച്ച് കോടതി. 2021 ൽ അഞ്ചാലുംമൂട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജയന്തി നഗറിൽ രാജ (42) യെ കുറ്റക്കാരനെന്ന് കണ്ടെത്തി കൊല്ലം അതിവേഗ സ്പെഷൽ കോടതി ജഡ്ജ് എ.സമീർ ശിക്ഷിച്ചത്. പിഴ ഒടുക്കാത്ത പക്ഷം 17 മാസവും 17 ദിവസവും അധിക കഠിനതടവ് അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ 20 വർഷം ശിക്ഷ അനുഭവിച്ചാൽ മതിയാകും. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വീട്ടിൽ ആളില്ലാത്ത സമയം അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി പ്രതിയുടെ വീട്ടിലേക്കു ബലമായി പിടിച്ചു കൊണ്ടു പോയി പലതവണ ലൈംഗികമായി പീഡിപ്പിച്ചതായാണ് പോലീസ് എഫ്ഐആർ.
പിഴ തുക മുഴുവനായും അതിജീവിതയ്ക്കു നൽകണമെന്നും വിക്റ്റിം കോംപൻസേഷൻ സ്കീമിൽ ഉൾപ്പെടുത്തി അതിജീവിതയ്ക്കു മതിയായ നഷ്ടപരിഹാരം ഉറപ്പുവരുത്തുന്നതിനും ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് കോടതി നിർദേശിച്ചു. അഞ്ചാലുംമൂട് ഇൻസ്പെക്ടറായിരുന്ന ഒ.അനിൽകുമാർ എഫ്ഐആർ റജിസ്റ്റർ ചെയ്ത് കേസിൽ ഇൻസ്പെക്ടർ ജി.ബിനു ആണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.സരിത ഹാജരായി. എഎസ്ഐമാരായ സലീന മഞ്ജു, പ്രസന്ന ഗോപൻ, കെ.ജെ.ഷീബ എന്നിവർ പ്രോസിക്യൂഷൻ നടപടികൾ കൈകാര്യം ചെയ്തു.

0 Comments