banner

തൃക്കരുവ പഞ്ചായത്തിൽ റോസമ്മ മാർഷൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു; 9 വോട്ടുകൾ നേടി യുഡിഎഫ് വിജയം




തൃക്കരുവ : തൃക്കരുവ ഗ്രാമപഞ്ചായത്തിൽ തെക്കേച്ചേരി വാർഡ് മെമ്പർ റോസമ്മ മാർഷൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് (ഡിസംബർ 27) പഞ്ചായത്ത് ഹാളിൽ നടന്ന പ്രത്യേക ഭരണസമിതി യോഗത്തിലെ വോട്ടെടുപ്പിലാണ് യുഡിഎഫ് സ്ഥാനാർത്ഥിയായ റോസമ്മ മാർഷൽ വിജയിച്ചത്.

പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന രഹസ്യ വോട്ടെടുപ്പിൽ റോസമ്മ മാർഷലിന് യുഡിഎഫിന്റെ 9 വോട്ടുകളും ലഭിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥിയായ പ്രാക്കുളം വാർഡ് മെമ്പർ സതിക്ക് 7 വോട്ടുകളും ലഭിച്ചു. എൻഡിഎയുടെ രണ്ട് അംഗങ്ങൾ വോട്ടെടുപ്പിൽ വിട്ടുനിന്നു.

ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നിർദേശപ്രകാരം റോസമ്മ മാർഷലിന് തന്നെയായിരുന്നു മുൻതൂക്കം. രണ്ടാം വാർഡിലെ (വടക്കേക്കര) ശ്രീകുമാർ റ്റിയാണ് റോസമ്മ മാർഷലിനെ നാമനിർദേശം ചെയ്തത്. നടുവിലച്ചേരി വാർഡിലെ മുരളി നാരായണനാണ് സതിയെ നാമനിർദേശം ചെയ്തത്.

വോട്ടെടുപ്പിന് ശേഷം വരണാധികാരിയായ ഡിഇഓ ഓഫീസ് സൂപ്രണ്ട് അജികുമാർ റോസമ്മ മാർഷലിന് സത്യവാചകം ചൊല്ലിക്കൊടുത്തു. അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറും പഞ്ചായത്ത് സെക്രട്ടറിയുമായ അജയകുമാറും ചടങ്ങിൽ സന്നിഹിതനായിരുന്നു.

വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും ഇന്നത്തെ യോഗത്തിൽ നടന്നു. കോൺഗ്രസ് അംഗത്തെ തന്നെ വൈസ് പ്രസിഡന്റാക്കാനുള്ള സാധ്യതയാണ് നേരത്തെ ഉണ്ടായിരുന്നത്.

കേവല ഭൂരിപക്ഷമില്ലെങ്കിലും 9 അംഗങ്ങളുമായി ഏറ്റവും വലിയ മുന്നണിയായ യുഡിഎഫിന്റെ തുടർഭരണമാണ് റോസമ്മ മാർഷലിന്റെ വിജയത്തോടെ ശക്തമായത്. എൽഡിഎഫിന് 7ഉം എൻഡിഎയ്ക്ക് 2ഉം അംഗങ്ങളാണുള്ളത്.

സ്ഥിരം സമിതികളിലേക്കുള്ള തിരഞ്ഞെടുപ്പും വോട്ടെടുപ്പിലൂടെ നടന്നതിനാൽ എല്ലാ സമിതികളും യുഡിഎഫിന് ലഭിക്കാനാണ് സാധ്യത.

ഡിസംബർ 21ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. ഇന്നത്തെ തിരഞ്ഞെടുപ്പോടെ പഞ്ചായത്തിന്റെ പുതിയ ഭരണസമിതി പൂർണരൂപം പ്രാപിച്ചു.

Post a Comment

0 Comments