banner

തൃക്കരുവ പഞ്ചായത്തിൽ ഇന്ന് പ്രസിഡന്റ്-വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്; സർപ്രൈസുകളില്ലാതെ റോസമ്മ മാർഷലും സതിയും മത്സരരംഗത്ത്


തൃക്കരുവ : തൃക്കരുവ ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന് (ഡിസംബർ 27) നടക്കും. കേവല ഭൂരിപക്ഷമില്ലാത്തതിനാൽ വോട്ടെടുപ്പിലൂടെ തീരുമാനമാകുന്ന തിരഞ്ഞെടുപ്പിൽ സർപ്രൈസുകളില്ലാതെ മുന്നണികളുടെ സ്ഥാനാർത്ഥികൾ ഔദ്യോഗികമായി രംഗത്തെത്തി. എൻഡിഎ (ബിജെപി) സ്ഥാനാർത്ഥിയെ നിർത്തുന്നില്ലെന്നാണ് സൂചന.

പ്രസിഡന്റ് സ്ഥാനം വനിതാ സംവരണമായതിനാൽ വനിതാ അംഗങ്ങളിൽ നിന്നായിരിന്നു മത്സരം. യുഡിഎഫിന്റെ സ്ഥാനാർത്ഥിയായി തെക്കേച്ചേരി വാർഡ് മെമ്പർ റോസമ്മ മാർഷൽ തന്നെ രംഗത്തുണ്ട്. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നിർദേശപ്രകാരം റോസമ്മ മാർഷലിന് തന്നെയാണ് മുൻതൂക്കം. രണ്ടാം വാർഡിലെ (വടക്കേക്കര) ശ്രീകുമാർ റ്റിയാണ് റോസമ്മ മാർഷലിനെ നാമനിർദേശനം ചെയ്തത്.

എൽഡിഎഫിന്റെ സ്ഥാനാർത്ഥിയായി പ്രാക്കുളം വാർഡിലെ സതി രംഗത്തെത്തി. നടുവിലച്ചേരി വാർഡിലെ മുരളി നാരായണനാണ് സതിയെ നാമനിർദേശനം ചെയ്തത്.

വോട്ടെടുപ്പ് ഉടൻ തുടങ്ങുമെന്നാണ് സൂചന. ഡിസംബർ 21ന് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് ശേഷം ചേർന്ന പ്രഥമ യോഗത്തിൽ തിരഞ്ഞെടുപ്പ് അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഇന്നത്തെ പ്രത്യേക യോഗത്തിലാണ് വോട്ടെടുപ്പ്. വരണാധികാരിയായ ഡിഇഓ ഓഫീസ് സൂപ്രണ്ട് അജികുമാറാണ് വിജയിക്കുന്ന പ്രസിഡന്റിന് സത്യവാചകം ചൊല്ലിക്കൊടുക്കുക. തുടർന്ന് പ്രസിഡന്റ് വൈസ് പ്രസിഡന്റിന് സത്യവാചകം ചൊല്ലിക്കൊടുക്കും. അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറും പഞ്ചായത്ത് സെക്രട്ടറിയുമായ അജയകുമാറും സന്നിഹിതനായിരിക്കും.

വൈസ് പ്രസിഡന്റ് സ്ഥാനം വനിതാ സംവരണമല്ലാത്തതിനാൽ കോൺഗ്രസ് ഏറ്റെടുക്കാനുള്ള സാധ്യതയുണ്ടെങ്കിലും ഇതുവരെ വ്യക്തമായ സ്ഥാനാർത്ഥി പ്രഖ്യാപനമില്ല.

സ്ഥിരം സമിതികളിലേക്കുള്ള തിരഞ്ഞെടുപ്പും വോട്ടെടുപ്പിലൂടെ നടക്കുന്നതിനാൽ എല്ലാ സമിതികളും യുഡിഎഫിന് ലഭിക്കാനാണ് സാധ്യത കൂടുതൽ.

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് 9, എൽഡിഎഫിന് 7, എൻഡിഎയ്ക്ക് 2 വാർഡുകളാണ് ലഭിച്ചത്. ഇന്നത്തെ തിരഞ്ഞെടുപ്പോടെ യുഡിഎഫിന്റെ തുടർഭരണം ശക്തമാകുമെന്നാണ് പ്രതീക്ഷ. വോട്ടെടുപ്പിന്റെ ഫലം ഉടൻ തന്നെ അറിയാം.

Post a Comment

0 Comments