കൊല്ലം : തൃക്കരുവ ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നാളെ നടക്കും. കേവല ഭൂരിപക്ഷമില്ലാത്തതിനാൽ വോട്ടെടുപ്പിലൂടെ തീരുമാനമാകുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ സ്ഥാനാർത്ഥികളെ ചൊല്ലി ആകാംക്ഷയേറെയാണ്. പ്രസിഡന്റ് സ്ഥാനം വനിതാ സംവരണമായതിനാൽ വനിതാ അംഗങ്ങളിൽ നിന്നായിരിക്കും മത്സരം.
ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നിർദേശം ഇതിനകം ലഭിച്ചതായി സൂചനയുണ്ട്. ഇതോടെ തെക്കേച്ചേരി വാർഡ് മെമ്പർ റോസമ്മ മാർഷലിനാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ സാധ്യത. എന്നാൽ സ്റ്റേഡിയം വാർഡിലെ ജയകുമാരിയെയോ ഞാറയ്ക്കൽ വാർഡിലെ ശിൽപാ നായരെയോ സ്ഥാനാർത്ഥിയാക്കി സർപ്രൈസ് നീക്കം നടത്താനുള്ള ചർച്ചകളും നടക്കുന്നുണ്ട്. ടേം വ്യവസ്ഥയിൽ പ്രസിഡന്റ് സ്ഥാനം പങ്കിടാനുള്ള ആലോചനയും യുഡിഎഫിനുണ്ട്.
വൈസ് പ്രസിഡന്റ് സ്ഥാനം കാഞ്ഞിരംകുഴി വാർഡിലെ യുഡിഎഫ് ഘടകകക്ഷിയായ ആർഎസ്പി അംഗം ലതാ ചന്ദ്രബാബു തന്നെയാണെന്നാണ് സൂചന. എന്നാൽ ജില്ലാ നേതൃത്വത്തിന്റെ നിർദേശപ്രകാരം കോൺഗ്രസ് അംഗത്തെ തന്നെ വൈസ് പ്രസിഡന്റാക്കാനുള്ള നീക്കം സജീവമാണ്. വനിതാ സംവരണമല്ലാത്തതിനാലാണ് കോൺഗ്രസ് ഏറ്റെടുക്കാനുള്ള സാധ്യതയേറുന്നത്. ഇതുസംബന്ധിച്ച് അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
പ്രതിപക്ഷമായ എൽഡിഎഫ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഹൈസ്കൂൾ വാർഡിലെ സരോജിനി എൻ അല്ലെങ്കിൽ പ്രാക്കുളം വാർഡിലെ സതി എന്നിവരിൽ ഒരാളെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിലാണെന്നാണ് സൂചന. എൻഡിഎയുടെ സ്ഥാനാർത്ഥിയായി അഷ്ടമുടി വാർഡിലെ ഗീതു ജി എസ്സിനെയാണ് പ്രഖ്യാപിക്കാൻ സാധ്യത. എന്നാൽ ഇവർ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാതിരിക്കാനും സാധ്യതയുണ്ട്.
ഡിസംബർ 21ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് ശേഷം ചേർന്ന പ്രഥമ യോഗത്തിൽ തിരഞ്ഞെടുപ്പ് അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. നാളെ ചേരുന്ന പ്രത്യേക യോഗത്തിലാണ് വോട്ടെടുപ്പ് നടക്കുക. വരണാധികാരിയായ ഡിഇഓ ഓഫീസ് സൂപ്രണ്ട് അജികുമാറാണ് വിജയിക്കുന്ന പ്രസിഡന്റിന് സത്യവാചകം ചൊല്ലിക്കൊടുക്കുക. തുടർന്ന് പ്രസിഡന്റ് വൈസ് പ്രസിഡന്റിന് സത്യവാചകം ചൊല്ലിക്കൊടുക്കും. അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറും പഞ്ചായത്ത് സെക്രട്ടറിയുമായ അജയകുമാറും സന്നിഹിതനായിരിക്കും.
സ്ഥിരം സമിതികളിലേക്കുള്ള തിരഞ്ഞെടുപ്പും വോട്ടെടുപ്പിലൂടെ നടക്കുന്നതിനാൽ എല്ലാ സമിതികളും യുഡിഎഫിന് ലഭിക്കാനാണ് സാധ്യത കൂടുതൽ.
തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് 9, എൽഡിഎഫിന് 7, എൻഡിഎയ്ക്ക് 2 വാർഡുകളാണ് ലഭിച്ചത്. നാളത്തെ തിരഞ്ഞെടുപ്പോടെ യുഡിഎഫിന്റെ തുടർഭരണം ശക്തമാകുമെന്നാണ് പ്രതീക്ഷ. ജില്ലാ നേതൃത്വത്തിന്റെ ഇടപെടലോടെ റോസമ്മ മാർഷലിന്റെ പ്രസിഡന്റ് സ്ഥാനം ഏകദേശം ഉറപ്പായി കഴിഞ്ഞുവെന്നാണ് വിലയിരുത്തൽ.
.jpg)
0 Comments