banner

കൊല്ലം ജില്ലയിലെ വിവിധ നഗരസഭകളില്‍ അധ്യക്ഷര്‍ ചുമതലയേറ്റു...!, പരവൂരിൽ ജയലാല്‍, കരുനാഗപ്പള്ളിയിൽ സോമരാജന്‍, കൊട്ടാരക്കരയിൽ അനിത, പുനലൂരിൽ രാജഗോപാല്‍; ഡെപ്യൂട്ടി ചെയര്‍പേഴ്‌സൺമാർ ഇവരൊക്കെ


പരവൂര്‍ നഗരസഭ ചെയര്‍പേഴ്‌സണായി കൊച്ചാലുംമൂട് വാര്‍ഡില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ജെ.ജയലാല്‍ ഉണ്ണിത്താന്‍ ചുമതലയേറ്റു. വരണാധികാരിയും ജില്ലാ മണ്ണ് സംരക്ഷണ ഓഫീസറുമായ സി എ അനിതയുടെ അധ്യക്ഷതയില്‍ നഗരസഭ കൗണ്‍സില്‍ ഹാളിലായിരുന്നു വോട്ടെടുപ്പ്. ആകെ 32 വോട്ടുകളില്‍ ജെ ജയലാല്‍ ഉണ്ണിത്താന്‍ 20 വോട്ടുകളും വി എസ് രാജീവ് 6 വോട്ടുകളും പരവൂര്‍ സജീബ് 5 വോട്ടുകളും നേടി. ഫലപ്രഖ്യാപനത്തിനുശേഷം വരണാധികാരി സത്യവാചകം ചൊല്ലിക്കൊടുത്തു. പരവൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണായി പുതിയകാവ് വാര്‍ഡില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എച്ച് ആമിന ചുമതലയേറ്റു. ആകെ 32 വോട്ടുകളില്‍ 20 വോട്ടുകള്‍ നേടി. എച്ച് ആമിനയ്ക്ക് ചെയര്‍പേഴ്‌സണ്‍ ജെ.ജയലാല്‍ ഉണ്ണിത്താന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

കരുനാഗപ്പള്ളി ചെയര്‍പേഴ്‌സണായി താച്ചേയില്‍ വാര്‍ഡില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പി.സോമരാജന്‍ ചുമതലയേറ്റു. വരണാധികാരിയായ ജി.ബിന്ദുവിന്റെ അധ്യക്ഷതയില്‍ നഗരസഭ കൗണ്‍സില്‍ ഹാളിലായിരുന്നു വോട്ടെടുപ്പ്. ആകെ പോള്‍ ചെയ്ത 37 വോട്ടുകളില്‍ 19 വോട്ടുകള്‍ നേടി. ഫലപ്രഖ്യാപനത്തിനുശേഷം വരണാധികാരി ജി.ബിന്ദു സത്യവാചകം ചൊല്ലിക്കൊടുത്തു. വൈസ് ചെയര്‍പേഴ്‌സണായി കണ്ണമ്പള്ളി വാര്‍ഡില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ബിന ജോണ്‍സണ്‍ ചുമതലയേറ്റു. ആകെ പോള്‍ ചെയ്ത 37 വോട്ടുകളില്‍ 19 വോട്ടുകള്‍ നേടി. ബിന ജോണ്‍സന് ചെയര്‍പേഴ്‌സണ്‍ പി.സോമരാജന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

കൊട്ടാരക്കര  നഗരസഭ ചെയര്‍പേഴ്‌സണായി ഇ.ടി.സി വാര്‍ഡില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട അനിത ഗോപകുമാര്‍ ചുമതലയേറ്റു. വരണാധികാരിയായ കൊട്ടാരക്കര എക്സ്റ്റന്‍ഷന്‍ ട്രെയിനിങ് സെന്റര്‍ പ്രിന്‍സിപ്പള്‍ കെ.അനുവിന്റെ അധ്യക്ഷതയില്‍ നഗരസഭ കൗണ്‍സില്‍ ഹാളിലായിരുന്നു വോട്ടെടുപ്പ്. ഷീബ ജോജോ ഏഴ് വോട്ടും അനിത ഗോപകുമാര്‍ 17 വോട്ടും നേടി. ഫലപ്രഖ്യാപനത്തിന് ശേഷം വരണാധികാരി സത്യവാചകം ചൊല്ലിക്കൊടുത്തു. വൈസ് ചെയര്‍പേഴ്‌സണായി കുലശേഖരനല്ലൂര്‍ വാര്‍ഡില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട എ ഷാജു ചുമതലയേറ്റു. ആകെ പോള്‍ ചെയ്ത 30 വോട്ടുകളില്‍ 17 വോട്ട് നേടി. എ ഷാജുവിന് ചെയര്‍പേഴ്‌സണ്‍ അനിത ഗോപകുമാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

പുനലൂര്‍ നഗരസഭ ചെയര്‍പേഴ്‌സണായി കോമളംകുന്ന് വാര്‍ഡില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട എം എ രാജഗോപാല്‍ ചുമതലയേറ്റു. വരണാധികാരിയായ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ (ടിമ്പര്‍ സെയില്‍സ് ഡിവിഷന്‍) സി.കെ ഹാബിയുടെ അധ്യക്ഷതയില്‍ നഗരസഭ കൗണ്‍സില്‍ ഹാളിലായിരുന്നു വോട്ടെടുപ്പ്. ജി ജയപ്രകാശ് 14 വോട്ടും എം എ രാജഗോപാല്‍ 21 വോട്ടും നേടി. ഫലപ്രഖ്യാപനത്തിന് ശേഷം വരണാധികാരി സത്യവാചകം ചൊല്ലിക്കൊടുത്തു. വൈസ് ചെയര്‍പേഴ്‌സണായി അഷ്ടമംഗലം വാര്‍ഡില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട കെ പ്രഭ ചുമതലയേറ്റു. ആകെ പോള്‍ ചെയ്ത 36 വോട്ടുകളില്‍ 21 വോട്ടുകള്‍ നേടി. കെ പ്രഭയ്ക്ക് ചെയര്‍പേഴ്‌സണ്‍ എം എ രാജഗോപാല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

Post a Comment

0 Comments