കണ്ണൂർ : സോഷ്യൽ മീഡിയയിലെ ലൈക്കുകൾക്കും റീലുകൾക്കും വേണ്ടി എന്തു സാഹസത്തിനും മുതിരുന്ന കൗമാരക്കാരുടെ വിനോദം അതിരുവിടുന്നു. കണ്ണൂരിൽ റീൽ ചിത്രീകരിക്കുന്നതിനായി റെഡ് സിഗ്നൽ കാട്ടി ട്രെയിൻ നിർത്തിച്ച രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ റെയിൽവേ പൊലിസ് കേസെടുത്തു. ഇന്ന് പുലർച്ചെ തലശ്ശേരിക്കും മാഹിക്കും ഇടയിലുള്ള ട്രാക്കിലായിരുന്നു സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
എറണാകുളത്ത് നിന്ന് പൂനെയിലേക്ക് പോവുകയായിരുന്ന ഓഖ എക്സ്പ്രസ് (Okha Express) ആണ് വിദ്യാർത്ഥികൾ തടഞ്ഞത്. ട്രെയിൻ വരുന്ന സമയം നോക്കി ട്രാക്കിൽ കയറി നിന്ന് റെഡ് ലൈറ്റ് കാണിക്കുകയായിരുന്നു. ദൂരെ നിന്ന് ചുവന്ന സിഗ്നൽ ശ്രദ്ധയിൽപ്പെട്ട ലോക്കോ പൈലറ്റ്, ട്രാക്കിൽ എന്തോ അപകടമുണ്ടെന്ന് കരുതി ട്രെയിൻ അടിയന്തരമായി ബ്രേക്ക് ഇട്ട് നിർത്തുകയായിരുന്നു. എന്നാൽ ട്രെയിൻ നിന്ന ഉടൻ തന്നെ വിദ്യാർത്ഥികൾ മൊബൈൽ ക്യാമറയുമായി ദൃശ്യങ്ങൾ പകർത്തി.
പെട്ടെന്നുണ്ടായ ഈ സിഗ്നൽ മാറ്റത്തെക്കുറിച്ച് റെയിൽവേ അധികൃതർക്ക് സംശയം തോന്നിയതോടെ റെയിൽവേ പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. പൊലിസിനെ കണ്ടതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച വിദ്യാർത്ഥികളെ സാഹസികമായാണ് പിടികൂടിയത്. കൂടെയുണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥി ഓടി രക്ഷപ്പെട്ടു.
അപകടകരമായ രീതിയിൽ ട്രെയിൻ തടഞ്ഞതിനും റെയിൽവേ ഗതാഗതം തടസ്സപ്പെടുത്തിയതിനും റെയിൽവേ നിയമപ്രകാരം ഇവർക്കെതിരെ കേസെടുത്തു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചെങ്കിലും ഇത്തരം പ്രവൃത്തികൾ വലിയ ദുരന്തങ്ങൾക്ക് കാരണമാകുമെന്ന് പൊലിസ് മുന്നറിയിപ്പ് നൽകി. അടിയന്തരമായി ട്രെയിൻ നിർത്തുമ്പോൾ പാളം തെറ്റാനോ യാത്രക്കാർക്ക് പരുക്കേൽക്കാനോ സാധ്യതയുണ്ട്. കൂടാതെ, മറ്റ് ട്രെയിനുകളുടെ സമയക്രമത്തെയും ഇത് ദോഷകരമായി ബാധിക്കും.
.jpg)
0 Comments