തിരുവനന്തപുരം : വീടിനുള്ളില്‍ പ്രത്യേക സജ്ജീകരണങ്ങളോടെ കഞ്ചാവ് കൃഷി നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വലിയതുറ സ്വദേശി ധനുഷ് ആണ് പ്രത്യേക സംവിധാനങ്ങളോടെ വീടിനുള്ളില്‍ കഞ്ചാവ് തോട്ടം സജ്ജമാക്കിയിരുന്നത്. മുറിക്കുള്ളില്‍ കഞ്ചാവ് ചെടികള്‍ക്ക് ആവശ്യമായ കാറ്റും ചൂടും ലഭിക്കാന്‍ ഫാനും ലൈറ്റുകളും മറ്റും ഘടിപ്പിച്ചായിരുന്നു കൃഷി.
അറസ്റ്റിലായ ധനുഷ് എംഡിഎഎ കേസില്‍ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. ഇന്റര്‍നെറ്റില്‍നിന്നാണ് കഞ്ചാവ് കൃഷി ചെയ്യേണ്ട രീതികള്‍ സംബന്ധിച്ച് ഇയാള്‍ വിവരങ്ങള്‍ ശേഖരിച്ചത്. മുറിക്കുള്ളിലേക്കു മറ്റാരെയും കയറാന്‍ അനുവദിച്ചിരുന്നില്ല. ഷൂ റാക്ക് പൊളിച്ചാണ് കഞ്ചാവ് ചെടികള്‍ക്കുള്ള മറയുണ്ടാക്കിയത്. ഒരു ഗ്രോബാഗിലും മറ്റൊരു ട്രേയിലുമായാണ് ചെടികള്‍ നട്ടിരുന്നത്.
20 ദിവസം വളര്‍ച്ചയുള്ള ചെടിയാണ് പൊലീസ് കണ്ടെത്തിയത്. വീട്ടില്‍ കഞ്ചാവ് വാങ്ങാനും മറ്റുമായി പുറത്തുനിന്ന് ആളുകള്‍ വരുന്നതു സംബന്ധിച്ച് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഷാഡോ പൊലീസ് പരിശോധന നടത്തിയത്. ഷാഡോ പൊലീസ് എസ്‌ഐ അജേഷ്, നസിമുദീന്‍, സജിത്, വരുണ്‍ഘോഷ്, രഞ്ജിത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

0 Comments