banner

പോക്സോ കേസ് പ്രതിക്ക് ജാമ്യം നിന്നത് പൊലിസ് ഉദ്യേ​ഗസ്ഥൻ...!, വകുപ്പുതല നടപടിക്ക് സാധ്യത; പ്രതി അയൽവാസിയെന്നും കുറ്റം ചെയ്തിട്ടില്ലെന്നും സിഐ .

പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിക്ക് പൊലിസ് ഇൻസ്‌പെക്ടർ തന്നെ ജാമ്യം നിന്നത് വിവാദമാകുന്നു. പത്തനംതിട്ട സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പോക്സോ കേസ് പ്രതിക്കായി കോടതിയിൽ ജാമ്യക്കാരനായി എത്തിയത്. സംഭവം പുറത്തായതോടെ ഇദ്ദേഹത്തിനെതിരെ വകുപ്പുതല അന്വേഷണത്തിന് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

കൊല്ലം കിളികൊല്ലൂർ സ്വദേശിയായ 13-കാരിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ അറസ്റ്റിലായ ശങ്കരൻകുട്ടി എന്ന പ്രതിക്കാണ് സിഐ സഹായം നൽകിയത്. ഒന്നര മാസം മുമ്പ് രജിസ്റ്റർ ചെയ്ത കേസിൽ 40 ദിവസത്തോളം റിമാൻഡിലായിരുന്ന പ്രതിക്ക് ഡിസംബർ 30-നാണ് കോടതി ജാമ്യം അനുവദിച്ചത്. പ്രതി സിഐയുടെ അയൽവാസിയാണ്.

ഒരു പൊലിസ് ഉദ്യോഗസ്ഥൻ തന്നെ ഗുരുതരമായ ക്രിമിനൽ കേസിൽ പ്രതിക്ക് ജാമ്യം നിൽക്കാൻ തയ്യാറായത് പൊലിസ് സേനയ്ക്ക് വലിയ നാണക്കേടായി മാറിയിരിക്കുകയാണ്. പ്രതി കുറ്റം ചെയ്തിട്ടില്ലെന്ന ബോധ്യത്തിലാണ് താൻ സഹായം നൽകിയതെന്നാണ് സിഐ സുനിൽ കൃഷ്ണൻ നൽകുന്ന വിശദീകരണം. "അയൽവാസി എന്ന നിലയിലും തെറ്റ് ചെയ്തിട്ടില്ലെന്ന വിശ്വാസത്തിലുമാണ് ജാമ്യം നിന്നത്." - സിഐ സുനിൽ കൃഷ്ണൻ പറഞ്ഞു.

എങ്കിലും, വാർത്ത പുറത്താവുകയും വിവാദമാവുകയും ചെയ്തതോടെ സുനിൽ കൃഷ്ണൻ ജാമ്യത്തിൽ നിന്നും പിന്മാറി. സംഭവത്തിൽ ജില്ലാ പൊലിസ് മേധാവിക്ക് റിപ്പോർട്ട് കൈമാറുമെന്നും ഗുരുതരമായ വീഴ്ചയുണ്ടായെന്ന് ബോധ്യപ്പെട്ടാൽ ഇൻസ്‌പെക്ടർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നുമാണ് സൂചന.

Post a Comment

0 Comments