banner

പരാതിക്കാരി വിവാഹിതയാണെങ്കില്‍ മറ്റൊരു വിവാഹ വാഗ്ദാനം നിയമപരമായി നിലനില്‍ക്കില്ല...!, ഇത്തരം സാഹചര്യങ്ങളില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന വാദം അംഗീകരിക്കാനാവില്ല; അതിനിര്‍ണ്ണായക വിധിയുമായി സുപ്രീംകോടതി

കൊച്ചി : കേരള രാഷ്ട്രീയത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെട്ട വിവാദങ്ങള്‍ കത്തിപ്പടരുന്നതിനിടെ, രാജ്യത്തെ ക്രിമിനല്‍ നിയമനടപടികളില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന അതിനിര്‍ണ്ണായക വിധിയുമായി സുപ്രീംകോടതി. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാരോപിച്ച് നല്‍കുന്ന കേസുകളില്‍ വ്യക്തമായ വേര്‍തിരിവ് ആവശ്യമാണെന്ന് പ്രഖ്യാപിച്ച കോടതി, ഉഭയസമ്മതപ്രകാരമുള്ള ബന്ധങ്ങള്‍ തകരുമ്പോള്‍ അതിന് ക്രിമിനല്‍ സ്വഭാവം നല്‍കുന്ന പ്രവണതയ്ക്കെതിരെ ശക്തമായ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. 

2026 ഫെബ്രുവരി 5-ന് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. 2025 ഫെബ്രുവരിയില്‍ ഛത്തീസ്ഗഢിലെ ബിലാസ്പൂരില്‍ രജിസ്റ്റര്‍ ചെയ്ത ഒരു പീഡനക്കേസ് റദ്ദാക്കിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. പരാതിക്കാരിയും പ്രതിയും അഭിഭാഷകരായ കേസില്‍, 33 വയസ്സുള്ള വിവാഹിതയായ ഒരു സ്ത്രീക്ക് നിയമപരമായി വിവാഹബന്ധം നിലനില്‍ക്കെ മറ്റൊരു വിവാഹവാഗ്ദാനം വിശ്വസിച്ചു എന്നത് യുക്തിക്ക് നിരക്കാത്തതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.


ഭര്‍ത്താവുമായി വിവാഹമോചന കേസ് നടക്കുന്നുണ്ടെങ്കിലും നിയമപരമായി വിവാഹബന്ധം വേര്‍പെടുത്താത്ത ഒരാള്‍ക്ക് മറ്റൊരു വിവാഹവാഗ്ദാനം നല്‍കുന്നത് നിയമപരമായി നിലനില്‍ക്കില്ല. ഇത്തരം സാഹചര്യങ്ങളില്‍ പീഡനാരോപണം ഉന്നയിക്കുന്നത് നിയമസംവിധാനത്തെ ദുരുപയോഗം ചെയ്യലാണെന്ന് കോടതി നിരീക്ഷിച്ചു.

ഉഭയസമ്മതപ്രകാരമുള്ള ശാരീരിക ബന്ധം പിന്നീട് വഷളാകുമ്പോള്‍ അതിനെ ബലാത്സംഗമായി ചിത്രീകരിക്കുന്നത് ആശങ്കാജനകമാണ്. ഇത്തരം കേസുകളില്‍ വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കാന്‍ ഭരണകൂടത്തെയും കോടതിയെയും വലിച്ചിഴയ്ക്കരുതെന്നും ബെഞ്ച് ഓര്‍മ്മിപ്പിച്ചു. 

ഐ.പി.സി സെക്ഷന്‍ 376(2)(എന്‍) പ്രകാരമുള്ള കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ കോടതികള്‍ അതീവ ജാഗ്രത പാലിക്കണം. യഥാര്‍ത്ഥ പീഡനക്കേസുകളും ഉഭയസമ്മതപ്രകാരമുള്ള ബന്ധം തകരുമ്പോള്‍ ഉണ്ടാകുന്ന പരാതികളും തമ്മില്‍ കൃത്യമായ വേര്‍തിരിവ് വേണം. പരാതിക്കാരി ഒരു അഭിഭാഷകയാണെന്നിരിക്കെ, നിയമപരമായ കാര്യങ്ങളെക്കുറിച്ച് അവര്‍ക്ക് വ്യക്തമായ ബോധ്യമുണ്ടാകുമെന്നും അല്ലാതെ വഞ്ചിതയായെന്ന് കരുതാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

ഛത്തീസ്ഗഢ് ഹൈക്കോടതി നേരത്തെ തള്ളിയ അപ്പീല്‍ സ്വീകരിച്ചുകൊണ്ടാണ് സുപ്രീംകോടതി ഈ നിര്‍ണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്. സമാനമായ ഒട്ടനവധി കേസുകളില്‍ പ്രതികള്‍ക്ക് വലിയ ആശ്വാസമാകുന്നതാണ് ഈ വിധി. 

Post a Comment

0 Comments