തിരുവനന്തപുരം : നടനും നിർമാതാവുമായ മണിയൻപിള്ള രാജു ഓടിച്ച കാർ ഇടിച്ച് 2 ബൈക്ക് യാത്രികർക്ക് പരിക്കേറ്റ സംഭവത്തിൽ നടന്റെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്. നിവേദിത് കൃഷ്ണ, സൂരജ് എന്നിവർക്കാണു കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിൽ ഗുരുതരമായ പരുക്കേറ്റത്. ഇന്നലെ രാത്രി 10 മണിയോടെ വഴുതക്കാട് ട്രിവാൻഡ്രം ക്ലബിനു മുന്നിൽ വച്ചാണ് അപകടം. ബൈക്കിൽ ഇടിച്ച കാർ നിർത്താതെ പോവുകയായിരുന്നു. KL 01 CJ 04 നമ്പറുള്ള കാറാണ് അപകടമുണ്ടാക്കിയത്. നിവേദിതിന്റെ കാലുകൾക്കും സൂരജിന്റെ നട്ടെല്ലിനും ഒടിവുണ്ട്. ഇരുവരും സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്.
ഇന്ന് നേരത്തെ അറിയിച്ചത് പ്രകാരം സ്റ്റേഷനിൽ എത്തിയ മണിയൻപിള്ള രാജുവിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇദ്ദേഹത്തെ വൈദ്യ പരിശോധനയ്ക്ക് ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കാൻ ആണ് സാധ്യത. സംഭവത്തിൽ നടൻറെ കാർ ഇതുവരെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടില്ല.
അതേ സമയം കൊണ്ടാണ് താൻ വാഹനം നിർത്താതെ പോയതെന്നാണ് മണിയൻപിള്ള രാജുവിന്റെ വാദം താൻ ക്യാൻസർ രോഗിയും പോരാത്തതിന് ഇപ്പോൾ ചിക്കൻഗുനിയ ബാധിച്ച് ആളുമാണ്. അപകടത്തിന് പിന്നാലെ താൻ സുഹൃത്തിനെ വിളിച്ച് ആംബുലൻസ് ഏർപ്പാടാക്കി എന്നും പോലീസിനെ ബന്ധപ്പെട്ടിരുന്നു എന്നും നടൻ അറിയിച്ചു.
അതേ സമയം, സുധീർകുമാർ രാജു എന്നാണ് കാറിന്റെ ആർസി ഉടമസ്ഥന്റെ പേരെന്നാണ് ഇന്നലെ രാത്രി പൊലീസ് നൽകിയ വിവരം. ഒരു നടന്റെ വാഹനമാണെന്നും അദ്ദേഹത്തിന്റെ ഡ്രൈവറായിരിക്കാം വാഹനം ഓടിച്ചതെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളുമുണ്ടായിരുന്നു. എന്നാൽ താൻ തന്നെയാണ് വാഹനം ഓടിച്ചതെന്ന് മണിയൻപിള്ള രാജു ഇന്നു രാവിലെ സ്ഥിരീകരിച്ചു. സുബ്രഹ്മണ്യം ഹാളിലെ ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടമെന്നും മണിയൻപിള്ള രാജു പറഞ്ഞു. .
എന്നാൽ അപകടത്തിനു പിന്നാലെ മണിയൻപിള്ള രാജുവിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. നടനെ അന്വേഷിച്ച് ഇന്നലെ രാത്രിയോടെ വീട്ടിൽ പൊലീസ് എത്തിയെങ്കിലും കണ്ടെത്താനായില്ല.

0 Comments