അഞ്ചാലുംമൂട് : തൃക്കരുവാ ഗ്രാമപഞ്ചായത്തിൽ 1999–2000 കാലഘട്ടത്തിൽ ഫിഷ് ബൂത്ത് നിർമ്മാണത്തിനായി ഒരു സൊസൈറ്റിക്ക് അനുവദിച്ച 142,000 രൂപയുടെ മൂലധന ഗ്രാൻഡ് സംബന്ധിച്ച വിവാദം വീണ്ടും സജീവമാകുന്നു. സർക്കാർ ഉത്തരവുകൾ ലംഘിച്ചാണ് തുക അനുവദിച്ചതെന്ന ഓഡിറ്റ് കണ്ടെത്തലിനെ തുടർന്ന് ഉത്തരവാദികളിൽ നിന്ന് തുക ഈടാക്കണമെന്ന നിർദേശം ഉണ്ടായിരുന്നുവെങ്കിലും, ഹൈക്കോടതി ഉത്തരവിന് എട്ടുവർഷങ്ങൾക്ക് ശേഷമാണ് പഞ്ചായത്ത് അപ്പീൽ നടപടിയിലേക്ക് കടന്നത്.
മുൻ പഞ്ചായത്ത് പ്രസിഡൻറും അന്നത്തെ ഭരണനേതൃത്വത്തിൽ സ്വാധീനമുണ്ടായിരുന്ന ചന്ദ്രശേഖരപിള്ള പ്രസിഡൻ്റും, ഗ്രാമപഞ്ചായത്തംഗം റസീന ഹസീം സെക്രട്ടറിയുമായിരുന്ന സൊസൈറ്റിക്ക് ഫിഷ് ബൂത്ത് പദ്ധതിക്കായി ഈ തുക അനുവദിക്കപ്പെട്ടതെന്നാണു രേഖകൾ സൂചിപ്പിക്കുന്നത്. പദ്ധതി വിഹിതത്തിൽ നിന്ന് സൊസൈറ്റികൾക്ക് മൂലധന ഗ്രാൻഡ് നൽകാൻ നിയമപരമായ വ്യവസ്ഥയില്ലെന്നിരിക്കെ നടപടി ഗുരുതര സാമ്പത്തിക ക്രമക്കേടായി ഓഡിറ്റിൽ രേഖപ്പെടുത്തി.
ലോക്കൽ ഫണ്ട് അക്കൗണ്ട്സ് കമ്മിറ്റിയുടെ 2014–2016 കാലയളവിലെ 43-ാം റിപ്പോർട്ടിൽ തൃക്കരുവാ പഞ്ചായത്തിനെ സംബന്ധിച്ച ഖണ്ഡിക 9ൽ ഈ വിഷയം ഉൾപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്നത്തെ സെക്രട്ടറി ജേക്കബ് ക്ലീറ്റസിന് റവന്യൂ റിക്കവറി നോട്ടീസ് നൽകിയെങ്കിലും, അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചു. 2018 ജൂൺ 22-നുള്ള ഉത്തരവിലൂടെ റവന്യൂ റിക്കവറി ഉൾപ്പെടെയുള്ള നടപടികൾ കോടതി റദ്ദാക്കിയിരുന്നു.
2025 ഓഗസ്റ്റ് 22-ന് നടന്ന ലോക്കൽഫണ്ട്സ് അക്കൗണ്ട് സമിതിയുടെ തെളിവെടുപ്പ് യോഗത്തിന് മുമ്പായി ചേർന്ന യോഗത്തിൽ, കോടതി വിധിക്കെതിരെ അപ്പീൽ പോകാത്തതിനെ കുറിച്ച് വിമർശനം ഉയർന്നു. തുടർന്ന് ഓഗസ്റ്റ് 23-ന് നിയമോപദേശം തേടാൻ അഡ്വക്കേറ്റിന് കത്ത് നൽകി. 2018 ലെ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ സമർപ്പിക്കണമെന്ന നിർദേശം 2025 സെപ്റ്റംബർ 8-ന് പഞ്ചായത്ത് കമ്മിറ്റി ഹാളിൽ ചേർന്ന ഭരണസമിതി യോഗത്തിൽ ഐക്യകണ്ഠേന അംഗീകരിച്ചു. സരസ്വതി രാമചന്ദ്രൻ പ്രസിഡൻറായിരുന്ന കാലഘട്ടത്തിലാണ് ഈ തീരുമാനം ഉണ്ടായത്.
ഫിഷ് ബൂത്ത് ഗ്രാൻഡ് അനുവദിച്ചതിൽ മുഖ്യപങ്കുവഹിച്ചവരിൽ ചന്ദ്രശേഖരപിള്ളയുടെ പേരും ഉൾപ്പെടുന്ന സാഹചര്യത്തിൽ, പൊതുതുകയുടെ തിരിച്ചുപിടിത്തം ആരിൽ നിന്ന് നടത്തുമെന്നത് നിർണായക ചോദ്യമായി തുടരുന്നു. 26 വർഷം പഴക്കമുള്ള ഇടപാടിൽ ഇപ്പോൾ വീണ്ടും നിയമനടപടികൾ ആരംഭിച്ചതോടെ, തൃക്കരുവാ പഞ്ചായത്തിൽ വിഷയം പുതിയ രാഷ്ട്രീയ–നിയമ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

0 Comments