അഞ്ചാലുംമൂട് : മണലിക്കടയും സമീപ പ്രദേശങ്ങളും രാത്രികാലങ്ങളിൽ അജ്ഞാത യുവാവിന്റെ സാന്നിധ്യം കാരണം ഭീതിയിലായി. രാത്രി 10 മണിക്ക് ശേഷമുള്ള സമയങ്ങളിലാണ് ഇയാളെ പലപ്പോഴും നാട്ടുകാർ കണ്ടതായി പറയുന്നത്. ഇരുട്ടായതിനാൽ യുവാവിന്റെ മുഖം വ്യക്തമായി തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
കണ്ടവർ നൽകിയ വിവരപ്രകാരം, ഷർട്ട് ധരിക്കാതെയാണ് ഇയാൾ കൂടുതലായി പ്രദേശത്ത് കറങ്ങുന്നത്. വഴിയരികിൽ ഒളിച്ചിരിക്കുകയും പെട്ടെന്ന് മുന്നിലെത്തി യാത്രക്കാരെ പേടിപ്പിക്കുകയുമാണ് പതിവ് രീതിയെന്ന് നാട്ടുകാർ പറയുന്നു. കൂടുതലായും സ്ത്രീകൾ മാത്രം താമസിക്കുന്ന വീടുകളുടെ സമീപത്താണ് ഇയാളെ കണ്ടിട്ടുള്ളത്.
വീടുകളോട് ചേർന്നുള്ള പുറത്തെ ബാത്ത്റൂമുകൾക്കരികിലും, ചില വീടുകളുടെ അകത്തെ ബാത്ത്റൂമുകൾക്ക് പുറത്തായി പോലും ഇയാളെ കണ്ടതായി സാക്ഷ്യങ്ങളുണ്ട്. കഴിഞ്ഞ ദിവസം മണലിക്കട ഭാഗത്ത് നാട്ടുകാർ ചേർന്ന് ഇയാളെ ഓടിച്ചതായും വിവരമുണ്ട്.
സംഭവം ആവർത്തിക്കപ്പെടുന്നത് പ്രദേശവാസികളിൽ കടുത്ത ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. അജ്ഞാത യുവാവിന്റെ വിലസൽ അടുത്ത ദിവസങ്ങളിലും തുടരുകയാണെങ്കിൽ അഞ്ചാലുംമൂട് പൊലീസിൽ ഔദ്യോഗികമായി പരാതി നൽകാനാണ് നാട്ടുകാരുടെ തീരുമാനം. രാത്രി സമയങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് പ്രദേശവാസികൾ പരസ്പരം മുന്നറിയിപ്പു നൽകുകയും ചെയ്യുന്നു.

0 Comments