അഞ്ചാലുംമൂട് : അമ്മയെ കിണറ്റിൽ തള്ളി കൊലപ്പെടുത്തിയ കേസിൽ മകൻ പൊലീസിൻ്റെ പിടിയിലായി.
തൃക്കരുവ ഞാറയ്ക്കൽ വാർഡിൽ ആനയച്ചുട്ടമുക്ക് ഈരഴികത്ത് വീട്ടിൽ പൊന്നമ്മ (62)യാണ് മരിച്ചത്. സംഭവത്തിൽ മകൻ ഡീസിനെ അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തു.
ഈ മാസം 15നാണ് സംഭവം നടന്നത്. വീട്ടുമുറ്റത്തെ കിണറ്റിൽ അമ്മ വീണുകിടക്കുന്നതായി വർഗീസ് തന്നെയാണ് നാട്ടുകാരെ അറിയിച്ചത്. തുടർന്ന് ഫയർഫോഴ്‌സ് എത്തി പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ആദ്യം അസ്വാഭാവിക മരണമായി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
എന്നാൽ വർഗീസ് പറഞ്ഞ കാര്യങ്ങളിൽ സംശയം തോന്നിയ നാട്ടുകാർ പോലീസിനെ അറിയിച്ചു. തുടർന്ന് അന്വേഷണം ശക്തമാക്കിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്തുവന്നത്.
സംഭവദിവസം ഉച്ചയോടെ ഉണ്ടായ വാക്കുതർക്കത്തിനിടെ പ്രകോപിതനായ വർഗീസ് അമ്മയെ കിണറ്റിൽ തള്ളിയിടുകയായിരുന്നു എന്നാണ് പോലീസിൻ്റെ കണ്ടെത്തൽ.
സംഭവസമയത്ത് അടുത്തുള്ള വീട്ടിൽ താമസിക്കുന്ന ജ്യേഷ്ഠസഹോദരി ബന്ധുവീട്ടിലായിരുന്നു. പൊന്നമ്മ മുമ്പ് മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിരുന്നുവെന്ന വിവരമുണ്ട്.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. കൂടുതൽ അന്വേഷണത്തിനായി നാളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും.

0 Comments