അഞ്ചാലുംമൂട് : വൃദ്ധയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകനെ പോലീസ് ചോദ്യം ചെയ്യുന്നു. തൃക്കരുവ ഞാറയ്ക്കൽ ഊരത്തഴികത്ത് പൊന്നമ്മ (62)യെ വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് ഏകമകൻ വർഗീസിനെ അഞ്ചാലുംമൂട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് പറഞ്ഞു.
ഈ മാസം 15നാണ് സംഭവം. വീട്ടുമുറ്റത്തെ കിണറ്റിൽ പൊന്നമ്മ വീണുകിടക്കുന്നതായി കണ്ടതായി വർഗീസ് നാട്ടുകാരെ അറിയിക്കുകയായിരുന്നു. തുടർന്ന് ഫയർഫോഴ്‌സിനെ വിവരം അറിയിച്ച് പുറത്തെടുത്ത് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് അന്വേഷണത്തിനിടെ വർഗീസ് നാട്ടുകാരോട് പറഞ്ഞ ചില വിവരങ്ങൾ സംശയാസ്പദമെന്ന് കണ്ടെത്തി. ഇത് നാട്ടുകാർ പൊലീസിനെ അറിയിച്ചതിനെ തുടർന്ന് കൂടുതൽ അന്വേഷണം നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് വർഗീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊന്നമ്മയെ കിണറ്റിൽ തള്ളിയിട്ടെന്നതാണ് പ്രാഥമിക നിഗമനം. പൊന്നമ്മയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. അഞ്ചാലുംമൂട് സിഐയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

0 Comments