banner

ഇനി എന്തും വിളിച്ചുപറയാനാകില്ല....!, സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർമാർക്കും സാധാരണ ഉപയോക്താക്കള്‍ക്കും നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ; വിവരങ്ങൾ ഇങ്ങനെ

ന്യൂഡല്‍ഹി : സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർമാർക്കും സാധാരണ ഉപയോക്താക്കള്‍ക്കും ഒരുപോലെ കടുത്ത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിക്കൊണ്ട് 2021-ലെ ഐ.ടി.നിയമത്തില്‍ വിപുലമായ മാറ്റങ്ങള്‍ വരുത്താൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ഇലക്‌ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം പുറത്തിറക്കിയ പുതിയ കരട് നിയമങ്ങള്‍ പ്രകാരം ഡിജിറ്റല്‍ ലോകത്തെ ഉള്ളടക്കങ്ങള്‍ക്ക് മേല്‍ സർക്കാരിന് വലിയ തോതിലുള്ള നിരീക്ഷണാധികാരമാണ് ലഭിക്കുന്നത്. വാർത്തകള്‍, വിശകലനങ്ങള്‍, പൊതുവിഷയങ്ങളിലെ പ്രതികരണങ്ങള്‍ എന്നിവ സോഷ്യല്‍ മീഡിയയില്‍ പതിവായി പങ്കുവെക്കുന്ന ഇൻഫ്ലുവൻസർമാരെ ഇനി മുതല്‍ വാർത്താ പ്രസാധകരായി (News Publishers) കണക്കാക്കും എന്നതാണ് ഇതിലെ പ്രധാന മാറ്റം. ഇതോടെ ഇവർ ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡ് കൃത്യമായി പാലിക്കാൻ ബാധ്യസ്ഥരാകും.

ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് (AI) ഉപയോഗിച്ച്‌ നിർമ്മിക്കുന്ന വ്യാജ ഉള്ളടക്കങ്ങള്‍ തടയാൻ കർശനമായ വ്യവസ്ഥകളാണ് പുതിയ ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എഐ ഉപയോഗിച്ച്‌ നിർമ്മിക്കുന്ന ചിത്രങ്ങള്‍, വീഡിയോകള്‍, ശബ്ദങ്ങള്‍ എന്നിവയില്‍ അത് കൃത്രിമമായി നിർമ്മിച്ചതാണ് എന്ന ലേബല്‍ നിർബന്ധമായും ചേർത്തിരിക്കണം. ഉപയോക്താക്കള്‍ക്ക് ഈ ലേബല്‍ നീക്കം ചെയ്യാൻ സാധിക്കാത്ത വിധം മെറ്റാഡാറ്റയില്‍ തന്നെ ഇത് ഉള്‍പ്പെടുത്തണമെന്ന് നിയമം നിർദ്ദേശിക്കുന്നു. യഥാർത്ഥ വ്യക്തികളെയോ സംഭവങ്ങളെയോ തെറ്റായി ചിത്രീകരിക്കുന്ന എഐ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാൻ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ പ്രത്യേക സാങ്കേതിക സംവിധാനങ്ങള്‍ ഏർപ്പെടുത്തേണ്ടി വരും.

നിയമവിരുദ്ധമോ അശ്ലീലമോ ആയ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുന്ന കാര്യത്തില്‍ മിനിറ്റുകള്‍ മാത്രം ദൈർഘ്യമുള്ള സമയപരിധിയാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്നതോ ലൈംഗിക ചുവയുള്ളതോ ആയ പോസ്റ്റുകള്‍ക്കെതിരെ പരാതി ലഭിച്ചാല്‍ വെറും രണ്ട് മണിക്കൂറിനുള്ളില്‍ അവ നീക്കം ചെയ്യണം. രാജ്യത്തിന്റെ പരമാധികാരത്തെയോ പൊതു ക്രമത്തെയോ ബാധിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ നീക്കം ചെയ്യാൻ സർക്കാർ അറിയിപ്പ് ലഭിച്ചാല്‍ മൂന്ന് മണിക്കൂറിനുള്ളില്‍ നടപടിയെടുക്കേണ്ടി വരും. നിയമലംഘനം നടത്തുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതിനൊപ്പം അത്തരം ഉള്ളടക്കങ്ങള്‍ പങ്കുവെച്ച ഉപയോക്താവിന്റെ വിവരങ്ങള്‍ അന്വേഷണ ഏജൻസികള്‍ക്കായി കുറഞ്ഞത് 180 ദിവസത്തേക്ക് സൂക്ഷിക്കണമെന്നും പ്ലാറ്റ്‌ഫോമുകള്‍ക്ക് നിർദ്ദേശമുണ്ട്.


സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, എക്സ് തുടങ്ങിയ കമ്ബനികള്‍ക്ക് ഉപയോക്താക്കളുടെ ഉള്ളടക്കത്തിന്മേല്‍ വലിയ ഉത്തരവാദിത്തമാണ് ഇനി മുതല്‍ ഉണ്ടാവുക. നിയമവിരുദ്ധമോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ പോസ്റ്റുകള്‍ ഉപയോക്താക്കള്‍ പങ്കുവെക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഈ കമ്ബനികള്‍ ബാധ്യസ്ഥരാണ്. നിയമങ്ങള്‍ ആവർത്തിച്ച്‌ ലംഘിക്കുന്നവരുടെ അക്കൗണ്ടുകള്‍ റദ്ദാക്കാൻ പോലും പ്ലാറ്റ്‌ഫോമുകള്‍ക്ക് നിർദ്ദേശം നല്‍കാൻ സർക്കാരിന് സാധിക്കും. ഇതിന് പുറമെ മന്ത്രാലയം കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന അഡൈ്വസറികളും സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളും (SOP) പ്ലാറ്റ്‌ഫോമുകള്‍ നിർബന്ധമായും പാലിക്കേണ്ടി വരും.

തുറന്നതും സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ ഇന്റർനെറ്റ് സാഹചര്യം ഉറപ്പാക്കുക എന്നതാണ് ഈ മാറ്റങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാനും ഐടി നിയമങ്ങള്‍ ലംഘിക്കുന്നവർക്കെതിരെ ഭാരതീയ ന്യായ സംഹിത (BNS) പ്രകാരം കേസെടുക്കാനും ഈ ഭേദഗതികള്‍ സഹായിക്കും. ഈ കരട് നിയമത്തിന്മേല്‍ പൊതുജനങ്ങള്‍ക്ക് 2026 ഏപ്രില്‍ 14 വരെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കാവുന്നതാണ്. വേഡ് അല്ലെങ്കില്‍ പിഡിഎഫ് ഫോർമാറ്റില്‍ തയ്യാറാക്കിയ നിർദ്ദേശങ്ങള്‍ ഇമെയില്‍ വഴിയാണ് അധികൃതർക്ക് സമർപ്പിക്കേണ്ടത്.

Post a Comment

0 Comments