banner

വീട്ടിൽ വോട്ട്: സംസ്ഥാനത്ത് ഇതുവരെ 1,10,099 വോട്ടുകൾ പോൾ ചെയ്തു; അവസാന വോട്ട് രേഖപ്പെടുത്തി രണ്ടുപേർ വിടവാങ്ങി


തിരുവനന്തപുരം : നിയമസഭ തിരഞ്ഞെടുപ്പിന് വീട്ടിൽ തന്നെ വോട്ട് രേഖപെടുത്താനുള്ള തെരഞ്ഞെടുപ്പ് കമ്മിഷൻ സൗകര്യം വിനിയോഗിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു. സംസ്ഥാനത്ത്‌ വീട്ടിൽ വോട്ടിലൂടെയും അവശ്യ സർവിസ്‌ ജീവനക്കാർക്കുള്ള തപാൽ വോട്ടിലൂടെയും ഇന്നലെ വരെ പോൾ ചെയ്തത്‌ 1,10,099 വോട്ടാണ്. 85 വയസിനു മുകളിൽ പ്രായമുള്ള 74,398 പേരും ഭിന്നശേഷിക്കാരായ 32,345 പേരുമാണ്‌ വീട്ടിൽവച്ച്‌ വോട്ടുചെയ്തത്‌. 

കൂടാതെ അവശ്യ സർവീസ്‌ ജീവനക്കാർക്കുള്ള തപാൽ വോട്ട്‌ കേന്ദ്രം വഴിയും പോളിങ്‌ ഉദ്യോഗസ്ഥർക്കുള്ള ഫെസിലിറ്റേഷൻ സെന്റർ വഴിയും 3356 വോട്ടുംപോൾ ചെയ്തു. ബി.എൽ.ഒമാർ വഴി മുൻകൂട്ടി അപേക്ഷ നൽകിയവരുടെ വീടുകളിലാണ്‌ പോളിങ് ഉദ്യോഗസ്ഥർ നേരിട്ടെത്തി വോട്ട് രേഖപ്പെടുത്തുന്നത്‌. പോളിങ് ഓഫീസർ, രണ്ട് അസിസ്റ്റന്റുമാർ, മൈക്രോ ഒബ്സർവർ, വീഡിയോഗ്രാഫർ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന പ്രത്യേക മൊബൈൽ ടീമാണ് വോട്ടർമാർക്കരികിലെത്തുന്നത്‌.  രഹസ്യസ്വഭാവവും സുരക്ഷാ മാനദണ്ഡങ്ങളും പൂർണമായും പാലിച്ചാണ് നടപടി. ബാലറ്റ്‌ സുരക്ഷിതമായി സൂക്ഷിക്കാൻ പ്രത്യേക സ്റ്റീൽ സ്യൂട്ട്കേസാണ്‌ ഉപയോഗിക്കുന്നത്‌. ഏപ്രിൽ നാലുവരെയാണ്‌ വീട്ടിൽ വോട്ട്‌ ഉണ്ടാകുക. തപാൽ വോട്ടിന്‌ ഏഴുവരെയും അവസരമുണ്ട്‌.

അവസാന വോട്ട് രേഖപ്പെടുത്തി രണ്ടുപേർ വിടവാങ്ങി...

വീട്ടിൽ വോട്ടുചെയത് വിരലിലെ മഷിയുണങ്ങും മുമ്പേ സംസ്ഥാനത്ത് രണ്ടുപേർ വിടവാങ്ങി. ചേർത്തല നഗരസഭ  23ാം വാർഡിൽ കരുവ ചന്ദ്രവിലാസം ശാരദാമ്മ(92), എറണാകുളം കച്ചേരിപ്പടിയിലെ ഹൗസ് ഓഫ് പ്രൊവിഡൻസിൽ താമസിച്ചു വരുന്ന ലോനപ്പൻ(90) എന്നിവരാണ് മരിച്ചത്.

ഹൗസ് വോട്ടിങ്ങ് രീതി അനുസരിച്ച് വോട്ട് ചെയ്ത് നിമിഷങ്ങൾക്കകമാണ് രണ്ടുപേരും മരിച്ചത്. രാവിലെ 11 മണിയോടെയാണ് ഉദ്യോഗസ്ഥരെത്തി ലോനപ്പന്റെ വോട്ട് രേഖപ്പെടുത്തിയത്. ഉദ്യോഗസ്ഥർ മടങ്ങിയതിന് തൊട്ടുപിന്നാലെ മരിക്കുകയായിരുന്നു. ഇവിടുത്തെ മറ്റ് 9 അന്തേവാസികളും വീട്ടുവോട്ട് രീതിയിലൂടെ വോട്ട് രേഖപ്പെടുത്തിയിരുന്നു. വോട്ട് ചെയ്ത ആൾ മരിച്ചാലും ആ വോട്ടും എണ്ണുമെന്ന് തെരഞ്ഞെടുപ്പ് അധികൃതർ അറിയിച്ചു.

Post a Comment

0 Comments