banner

അഞ്ചാലുംമൂട്ടിലെ ഓടക്കുഴി അപകടം: അഷ്ടമുടി ലൈവ് വാർത്തയ്ക്ക് പിന്നാലെ നടപടിയുമായി അധികൃതർ; കുഴിയടയ്ക്കുമെന്ന് കൗൺസിലർ അഡ്വ. എം.എസ്. ഗോപകുമാർ


അഞ്ചാലുംമൂട് : അഞ്ചാലുംമൂട് ജങ്ഷനിലെ ഓടക്കുഴിയിൽ വീണ് പെൺകുട്ടിക്ക് പരിക്കേറ്റ സംഭവത്തിൽ അഷ്ടമുടി ലൈവ് നൽകിയ വാർത്തയ്ക്ക് പിന്നാലെ അധികൃതരുടെ ഇടപെടൽ. അപകടാവസ്ഥ അടിയന്തരമായി പരിഹരിക്കുമെന്ന് കോർപ്പറേഷൻ കൗൺസിലർ അഡ്വ. എം.എസ്. ഗോപകുമാർ അറിയിച്ചു. ഇന്ന് രാവിലെ 10.45-ഓടെയാണ് ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപത്തെ ഓടയിൽ കാൽ കുടുങ്ങി തൃക്കരുവ നടുവിച്ചച്ചേരി സ്വദേശിനിയായ സൂരജയ്ക്ക് (21) പരിക്കേറ്റത്.

വാർത്ത ശ്രദ്ധയിൽപ്പെട്ടതായി കൗൺസിലർ പറഞ്ഞു. ഓട പി.ഡബ്ല്യു.ഡിയുടെ അധീനതയിലുള്ളതാണെങ്കിലും കാൽനടയാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് കോർപ്പറേഷൻ അടിയന്തര സ്വഭാവത്തിൽ കുഴികൾ അടയ്ക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം അഷ്ടമുടി ലൈവിനോട് പ്രതികരിച്ചു. നിലവിലുള്ള സ്ലാബുകളുടെ പോരായ്മകൾ പരിഹരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

നേരത്തെ വ്യാപാരികളും നാട്ടുകാരും അപകടാവസ്ഥയെക്കുറിച്ച് പരാതിപ്പെട്ടിരുന്നതായി വ്യാപാരികൾ പറഞ്ഞെങ്കിലും ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നാണ് കൗൺസിലർ പറയുന്നത്. തിരക്കേറിയ അഞ്ചാലുംമൂട് ജങ്ഷനിൽ ഓടകൾക്ക് മുകളിൽ ശരിയായ അളവിലുള്ള സ്ലാബുകൾ ഇല്ലാത്തത് വൻ ഭീഷണിയാണ് ഉയർത്തുന്നത്. അഷ്ടമുടി ലൈവ് വാർത്ത പുറത്തുവന്നതോടെയാണ് ഈ ദുരവസ്ഥയിലേക്ക് അധികൃതരുടെ ശ്രദ്ധയെത്തിയത്. നടപടി എത്രയും വേഗം പൂർത്തിയാക്കുമെന്ന കൗൺസിലറുടെ ഉറപ്പിലാണ് ഇപ്പോൾ വ്യാപാരികളുടെയും നാട്ടുകാരുടെയും പ്രതീക്ഷ.

Post a Comment

0 Comments