കൊല്ലം : പത്തുവർഷമായി ലോഡ് ഷെഡിങ് ഇല്ലെന്ന സർക്കാർ പ്രഖ്യാപനം വെറും പാഴ്വാക്കായെന്ന് ആരോപിച്ച് ഓലയിൽ കെ.എസ്.ഇ.ബി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചൂട്ടും വിശറിയും പായയുമായി ഇരച്ചെത്തി. വോട്ടെടുപ്പ് കഴിഞ്ഞതോടെ ജനത്തിന് ഇരുട്ടടി നൽകുന്ന അപ്രഖ്യാപിത ലോഡ് ഷെഡിങ് ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ചായിരുന്നു വേറിട്ട സമരം. സമരം ഉദ്ഘാടനം ചെയ്ത യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് വിഷ്ണു സുനിൽ പന്തളം സർക്കാരിനെ രൂക്ഷമായി വിമർശിച്ചു.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് പവർഗ്രിഡ് പദ്ധതിയും ദീർഘകാല വൈദ്യുതി കരാറുകളും നടപ്പാക്കിയതുകൊണ്ടാണ് കേരളത്തിൽ ലോഡ് ഷെഡിങ് ഒഴിവായതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഭാവി ആവശ്യങ്ങൾ കണ്ടറിഞ്ഞ് പുതിയ ഉൽപ്പാദന കേന്ദ്രങ്ങൾ തുടങ്ങാൻ എൽ.ഡി.എഫ് തയ്യാറായില്ല. കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭിക്കുമായിരുന്ന പഴയ കരാറുകൾ റദ്ദാക്കി, വൻ വിലയ്ക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങി ഭാരം ജനങ്ങളുടെ തലയിൽ കെട്ടിവെക്കുകയാണ് സർക്കാർ.
സംസ്ഥാനമാകെ ഇരുട്ടിലാകുമ്പോഴും കെ.എസ്.ഇ.ബി ഓഫീസുകളിൽ മാത്രം വൈദ്യുതി മുടങ്ങാത്ത സംവിധാനമാണ് നിലവിലുള്ളതെന്നും വിഷ്ണു സുനിൽ ആരോപിച്ചു. സമരം സംഘർഷത്തിലേക്ക് നീങ്ങിയതോടെ പോലീസ് എത്തി നേതാക്കളുമായി ചർച്ച നടത്തിയാണ് പ്രവർത്തകരെ പിരിച്ചുവിട്ടത്. നേതാക്കളായ ഹർഷാദ് മുതിരപ്പറമ്പ്, ആഷിക് കുരീപ്പുഴ, അൻഷാദ് കുരീപ്പുഴ, അജ്മൽ, റഫീഖ്, നിഷിം സാംസൺ, മുരുകൻ എന്നിവർ സമരത്തിന് നേതൃത്വം നൽകി.
.jpg)
0 Comments