അഞ്ചാലുംമൂട് : "നാടകത്തിന് തിരശ്ശീല ഉയരുമ്പോൾ ഷിബുലാലിന്റെ ഹൃദയമിടിപ്പും മുറുകും; ആ മാനസിക പിരിമുറുക്കം മാറണമെങ്കിൽ അവസാന തിരശ്ശീലയും താഴണം" - ഒരു പത്രപ്രവർത്തകൻ്റെ വാക്കുകളിലെ ഈ നിരീക്ഷണം ഷിബുലാൽ എന്ന കലാകാരന്റെ ആത്മസമർപ്പണത്തിനുള്ള സാക്ഷ്യപത്രമാണ്. തിരശ്ശീലയ്ക്കു പിന്നിലിരുന്ന് വിരൽത്തുമ്പുകളിലൂടെ അരങ്ങിന്റെ വികാരങ്ങളെ നിയന്ത്രിക്കുന്ന ഷിബുലാലിനെ തേടി ഇത്തവണ സംസ്ഥാന പുരസ്കാരമെത്തി. സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിലെ മികച്ച ശബ്ദനിയന്ത്രണത്തിനുള്ള ഈ അംഗീകാരത്തെക്കുറിച്ച് അഷ്ടമുടി ലൈവിനോട് സംസാരിക്കുമ്പോൾ, അദ്ദേഹത്തിന്റെ ഓരോ വാക്കിലും നിഴലിക്കുന്നത് കലയോടുള്ള അടങ്ങാത്ത അഭിനിവേശമായിരുന്നു.
സംവിധായകന്റെ മനസ്സിനൊപ്പം സഞ്ചരിച്ച് നാടകത്തെ ഹൃദയത്തിലേക്ക് ആവാഹിച്ചാണ് ഷിബുലാൽ ഓരോ സംഗീതശകലവും പ്രയോഗിക്കുന്നത്. അരങ്ങിലെ മുഹൂർത്തങ്ങളെ കാണികളുടെ ഉള്ളിൽ വികാരസാന്ദ്രമായ അനുഭവമാക്കി മാറ്റുന്ന ആ സൂക്ഷ്മത തന്നെയാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്. മൂന്ന് പതിറ്റാണ്ടായി നാടകവേദിയിൽ സജീവമായ ഇദ്ദേഹത്തെ തേടി ഇതിനോടകം ചെറുതും വലുതുമായ നിരവധി പുരസ്കാരങ്ങൾ എത്തിയിട്ടുണ്ടെങ്കിലും, സംസ്ഥാന സർക്കാരിന്റെ അംഗീകാരം ഇതാദ്യമായാണ്.
തിരുവനന്തപുരം സൗപർണികയുടെ താഴ്വാരം' എന്ന നാടകത്തിലെ ശബ്ദവിന്യാസമാണ് ഇത്തവണ ഷിബുലാലിനെ പുരസ്കാരത്തിന് അർഹനാക്കിയത്. അനിൽ എം. അർജുൻ പശ്ചാത്തല സംഗീതമൊരുക്കിയ ഈ നാടകം കേരളത്തിലെ നാടകപ്രേമികൾക്കിടയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചത്. കഴിഞ്ഞ ഓഗസ്റ്റിൽ അരങ്ങിലെത്തിയത് മുതൽ ഉത്സവപ്പറമ്പുകളെയും നാടകവേദികളെയും ഒരുപോലെ ആവേശം കൊള്ളിച്ചുകൊണ്ട് ഇതിനോടകം ഇരുനൂറോളം വേദികൾ താഴ്വാരം പൂർത്തിയാക്കി. ജനലക്ഷങ്ങൾ ഹൃദയത്തിലേറ്റിയ ഈ നാടകം വരുന്ന മേയ് മാസത്തോടെ അരങ്ങൊഴിയുമ്പോൾ, പുതിയൊരു സൃഷ്ടിക്കായുള്ള തയ്യാറെടുപ്പിലാണ് ഷിബുലാലും സംഘവും.
പ്രശസ്ത ലൈറ്റ് ടെക്നീഷ്യനും ഡിസൈനറുമായിരുന്ന പിതാവ് കൃഷ്ണൻകുട്ടിയുടെ പാത പിന്തുടർന്നാണ് അഞ്ചാലുംമൂട് കുപ്പണ ചന്ദ്രഴികത്ത് വീട്ടിൽ ഷിബുലാൽ നാടകയാത്ര ആരംഭിച്ചത്. പിതാവ് തെളിച്ച വെളിച്ചത്തിന്റെ ലോകത്തുനിന്നും ശബ്ദത്തിന്റെ വിസ്മയങ്ങളിലേക്ക് കടന്ന അദ്ദേഹം ഇതുവരെ 13 പ്രമുഖ സമിതികളിൽ തന്റെ പ്രാവീണ്യം തെളിയിച്ചു. കലാവഴിയിലെ ഈ യാത്രയ്ക്ക് പൂർണ്ണ പിന്തുണയുമായി ഭാര്യ സരിതയും മകൻ സരിത് ലാലും കൂടെയുണ്ട്.

0 Comments