banner

കൊല്ലത്ത് പെൺകുട്ടിയുടെ നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വർണം തട്ടാൻ ശ്രമിച്ച പൊലീസുകാരൻ പിടിയിൽ


കൊല്ലം : ശൂരനാട് പെൺകുട്ടിയുടെ നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വർണവും പണവും തട്ടിയെടുക്കാൻ ശ്രമിച്ച പൊലീസുകാരൻ അറസ്റ്റിലായി. അടൂർ കെ.എ.പി മൂന്നാം ബറ്റാലിയനിലെ സിവിൽ പൊലീസ് ഓഫീസറായ ശൂരനാട് സ്വദേശി അവിനാഷ് സുരേന്ദ്രനെയാണ് (30) ശൂരനാട് പൊലീസ് പിടികൂടിയത്.

ആറു വർഷം മുൻപ് പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി ഇവരുടെ സ്വത്തുക്കൾ തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെ മാതാവിന്റെ ഫോണിൽ നിന്ന് പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കുകയായിരുന്നു. അന്ന് പെൺകുട്ടി പ്രായപൂർത്തിയാകാത്ത ആളായിരുന്നു. തുടർന്ന് വ്യാജ അക്കൗണ്ട് വഴി ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും മാതാവിന് അയച്ചു കൊടുക്കുകയും ചെയ്തു.

തന്ത്രം മെനഞ്ഞത് 15 പവൻ ലക്ഷ്യമിട്ട്
ഫോട്ടോകൾ പ്രചരിപ്പിക്കുന്നത് മറ്റാരോ ആണെന്ന് വിശ്വസിപ്പിച്ച പ്രതി, ഇത് തടയാൻ 15 പവൻ സ്വർണം നൽകണമെന്ന് കുടുംബത്തോട് ആവശ്യപ്പെട്ടു. ഇതിൽ സംശയം തോന്നിയ വീട്ടുകാർ ശൂരനാട് പൊലീസിൽ പരാതി നൽകുകയായിരുന്നു. കൊല്ലം റൂറൽ എസ്.പിയുടെ നിർദ്ദേശപ്രകാരം ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു നടത്തിയ നീക്കത്തിലാണ് പ്രതി വലയിലായത്.
സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ പരിശോധനയിൽ സന്ദേശങ്ങൾ അയച്ചത് അവിനാഷ് ആണെന്ന് വ്യക്തമായി. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ പ്രതിക്ക് കൂടുതൽ ആളുകളുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.

Post a Comment

0 Comments