banner

കുണ്ടറയിൽ വെള്ളക്കെട്ടിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി...!, മരിച്ചത് 33-കാരനായ പശ്ചിമ ബംഗാൾ സ്വദേശി


കുണ്ടറ : തണ്ണിക്കോട് മൈൻസിലെ വെള്ളക്കെട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാൾ ജൽപായ്ഗുരി ജില്ലയിലെ സാൽബാരി, മാതാചുൽക്ക സ്വദേശിയായ രഞ്ജിത് ഖേരിയ (33) ആണ് മരിച്ചത്. സെറാമിക്സിനായി ക്ലേ മണ്ണെടുത്ത ഭാഗത്തെ വെള്ളക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

വെള്ളക്കെട്ടിൽ ചാക്കുകെട്ട് പോലെ എന്തോ കിടക്കുന്നത് കഴിഞ്ഞ ദിവസം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നെങ്കിലും മൃതദേഹമാണെന്ന് കരുതിയിരുന്നില്ല. ഇന്ന് രാവിലെ ഇത് കരയോട് അടുത്തപ്പോഴാണ് മനുഷ്യശരീരമാണെന്ന് തിരിച്ചറിഞ്ഞത്. മഞ്ഞ ഫുൾ സ്ലീവ് ടി ഷർട്ടും കറുത്ത പാന്റ്സുമാണ് ധരിച്ചിരുന്നത്.

നാട്ടുകാരും സാമൂഹ്യപ്രവർത്തകരും വിവരമറിയിച്ചതിനെത്തുടർന്ന് കുണ്ടറ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. രഞ്ജിത് ഖേരിയ എങ്ങനെയാണ് മൈൻസിലെ വെള്ളക്കെട്ടിൽ അകപ്പെട്ടതെന്ന കാര്യത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.

Post a Comment

0 Comments