കൊല്ലം : ചിതറയിൽ ഓയിൽ പാം എസ്റ്റേറ്റിൽ ജോലിക്കിടെ എണ്ണപ്പന കടപുഴകി വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. വിളക്കുപാറ ഇടക്കൊച്ചി തടത്തിൽ സ്വദേശി സരിത (37) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം.
എസ്റ്റേറ്റിൽ കാടുവെട്ടിത്തെളിക്കുന്ന ജോലിക്കായെത്തിയതായിരുന്നു സരിതയുൾപ്പെടെയുള്ള തൊഴിലാളികൾ. കനത്ത മഴ പെയ്തതോടെ ഇവർ സമീപത്തെ മരച്ചുവട്ടിൽ അഭയം പ്രാപിച്ചു. ഈ സമയം വീശിയടിച്ച കാറ്റിൽ സമീപത്തുണ്ടായിരുന്ന ആഞ്ഞിലിമരം ഒടിഞ്ഞ് എണ്ണപ്പനയുടെ മുകളിലേക്ക് വീഴുകയായിരുന്നു. ഇതിന്റെ ആഘാതത്തിൽ പന ഒടിഞ്ഞ് സരിതയുടെ ദേഹത്തേക്ക് പതിച്ചു.
നാട്ടുകാരും സഹപ്രവർത്തകരും ചേർന്ന് ഉടൻ തന്നെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്.

0 Comments